കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് എം.എസ്.എസ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന തല വഖ്ഫ് അദാലത്തില്‍ 15 കേസുകള്‍ ഒത്തുതീര്‍പ്പായി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ജില്ലകളില്‍ നിന്നായി  70 കേസുകളാണ് പരിഗണിച്ചത്.  തര്‍ക്കങ്ങള്‍ പരിഹരിച്ച് മഹല്ലുകളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് മതപണ്ഡിതന്‍മാരും നേതൃത്വവും മുന്‍ഗണന നല്‍കണമെന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.  അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീണ്ട കാലം കേസുകള്‍ നിലനിന്ന് മഹല്ലുകളുടെ പുരോഗതി തടസ്സപ്പെടുന്നതിന് പകരം നീതി ന്യായ രംഗത്തെ ബദല്‍ സമ്പ്രദായമായ അദാലത്ത് പ്രയോജനപ്പെടുത്തി തര്‍ക്കങ്ങള്‍ പരിഹരിച്ച് വഖ്ഫ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി പരിശ്രമിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ പറഞ്ഞു.
  ചടങ്ങില്‍ ബോര്‍ഡ് അംഗം എം.സി.മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു.  ബോര്‍ഡ് അംഗങ്ങളായ അഡ്വ.പി.വി.സൈനുദ്ദീന്‍, ടി.പി.അബ്ദുള്ളക്കോയ മദനി, അഡ്വ.എം.ഷറഫുദ്ദീന്‍, അഡ്വ.എം.ഫാത്തിമ റോഷ്‌ന എന്നിവര്‍ പ്രസംഗിച്ചു.  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം.ജമാല്‍ സ്വാഗതവും ഡിവിഷണല്‍ ഓഫീസര്‍ എന്‍.റഹീം കൃതജ്ഞതയും രേഖപ്പെടുത്തി.