കണ്ണൂർ: ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്റെ ജില്ലാതല കര്‍മ്മ സമിതി യോഗത്തിലാണ് എത്രയും പെട്ടെന്ന് വീടിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയത്.
ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 4189 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ 2572 വീടുകളും രണ്ടാംഘട്ടത്തില്‍ 1617 വീടുകളുമാണ് ലൈഫ് ഭവനപദ്ധതിയില്‍ പൂര്‍ത്തിയാക്കിയത്.
ഒന്നാം ഘട്ടത്തില്‍ 95.9 ശതമാനവും രണ്ടാം ഘട്ടത്തില്‍ 68.48 ശതമാനവുമാണ് പദ്ധതി പുരോഗതി. രണ്ടാംഘട്ടത്തില്‍ 15 പഞ്ചായത്തുകള്‍ മുഴുവന്‍ വീടുകളുടേയും പണി പൂര്‍ത്തിയാക്കി 100 ശതമാനം നേട്ടം കൈവരിച്ചു.
ചെറുതാഴം, ഏഴോം, ഇരിക്കൂര്‍, പയ്യാവൂര്‍, കുറ്റിയാട്ടൂര്‍, പാപ്പിനിശ്ശേരി, കടമ്പൂര്‍, പെരളശ്ശേരി, കോട്ടയം, ചെമ്പിലോട്, എരഞ്ഞോളി, പാട്യം, കതിരൂര്‍, മൊകേരി, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തുകളാണ് മുഴുവന്‍ ഭവനങ്ങളുടേയും പണി പൂര്‍ത്തീകരിച്ചത്.
ഒന്നാം ഘട്ടത്തില്‍ 2685 വീടുകളാണ് ലക്ഷ്യമിട്ടത്. ഇനി 113 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്. രണ്ടംഘട്ടത്തില്‍ ലൈഫ് മിഷന്‍ മാനദണ്ഡപ്രകാരം അര്‍ഹതയുള്ളതായി ജില്ലയില്‍ കണ്ടെത്തിയത് 2464 കുടുംബങ്ങളാണ്.
ഇതില്‍ 2346 കുടുംബങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ട് പണി ആരംഭിച്ചു. ഇവരുടെ വീട് നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. 118 കുടുംബങ്ങളാണ് കരാര്‍ ഒപ്പിടാന്‍ ബാക്കിയുള്ളത്.
മൂന്നാം ഘട്ടത്തില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഏഴ് സ്ഥലങ്ങളിലായി 13 ഏക്കര്‍ സ്ഥലമാണ് പരിഗണനയിലുള്ളത്. കടമ്പൂര്‍, ചിറക്കല്‍, കുറുമാത്തൂര്‍, കണ്ണപുരം, അഞ്ചരക്കണ്ടി എന്നീ ഗ്രാമ പഞ്ചാത്തുകളിലും പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലുമാണ് ഭവന സമുച്ചയത്തിന് സ്ഥലം ലഭ്യമായിട്ടുള്ളത്. ഈ വര്‍ഷം തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനാണ് തീരുമാനം. ജില്ലയിലെ 8420 ഗുണഭോക്താക്കള്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വീടൊരുക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ലൈഫ് മിഷന്റെ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഡവലപ്‌മെന്റ് അഡൈ്വസര്‍ ഡോ. രജ്ഞിത്ത് പറഞ്ഞു. സമുച്ചയം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ ആറ് മുതല്‍ എട്ട് മാസം വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
മൂന്നാം ഘട്ടത്തില്‍പ്പെട്ടവരുടെ അര്‍ഹത പരിശോധിക്കുന്ന പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ പിന്നാക്കം നില്‍ക്കുന്ന ബ്ലോക്കുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വീട് നിര്‍മ്മിക്കാത്തവര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ച സംഭവത്തില്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും ഡോ. രജ്ഞിത്ത് വ്യക്തമാക്കി.
എസ് സി, എസ് ടി, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സ്ഥലം, റേഷന്‍ കാര്‍ഡ് എന്നീ മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ഒരുപോലെ ശ്രമിച്ചാല്‍ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമതെത്താന്‍ ജില്ലയ്ക്ക് കഴിയുമെന്നും ഇതിനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, മുഖ്യമന്ത്രിയുടെ ഡവലപ്‌മെന്റ് അഡൈ്വസര്‍ സി എസ് രജ്ഞിത്ത്, ലൈഫ് ഡെപ്യൂട്ടി സിഇഒ കെപി സാബുകുട്ടന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മൈഥിലി രമണന്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.