ജില്ലയിൽ ഈ വർഷം 37 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദാഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യവർഷം തന്നെ ജില്ലയിൽ 13 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ആശാവർക്കർമാർക്ക് മുമ്പൊരിക്കലും നൽകാത്ത പരിഗണനയാണ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നൽകുന്നത്. ആശാവർക്കർമാർക്കുള്ള ഓണറേറിയം രണ്ടു വർഷം കൊണ്ട് 4500 രൂപയായി വർധിപ്പിച്ചു. സ്ഥിരം ഇൻസെന്റീവ് എന്ന നിലയിൽ 2000 രൂപ നൽകാനും സർക്കാർ തീരുമാനിച്ചു.

അശ്വമേധം കുഷ്ഠരോഗ നിര്‍ണ്ണയ ക്യാമ്പയിന്‍ രണ്ടാം ഘട്ടം ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വ്വഹിച്ചു. മുഴുവൻ രോഗബാധിതരെയും കണ്ടെത്തി യഥാസമയം ചികിത്സയ്ക്ക് വിധേയമാക്കിയാൽ മാത്രമേ രോഗപ്പകർച്ച തടയാനും അതുവഴി കുഷ്ഠരോഗ നിർമ്മാർജ്ജനം എന്ന ലക്ഷ്യം കൈവരിക്കാനും സാധിക്കുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എം.പി മുഖ്യാതിഥിയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ മഹേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 1956 ല്‍ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച മേപ്പയ്യൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നത്.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം സുജാത മനക്കല്‍, ആര്‍ദ്രം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍.എ, ഡോ.അഖിലേഷ് കുമാര്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഇ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ഇ.ശ്രീജയ, വി.പി രമ, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.