ആരോഗ്യമേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തു തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മൂന്ന് വര്‍ഷം മുമ്പ് 67 ശതമാനം പേരും ചികിത്സക്കായി സ്വകാര്യ മേഖലയെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇത് സാധാരണക്കാരടക്കുള്ളവര്‍ക്ക് വലിയ സാമ്പത്തിക ചെലവാണുണ്ടാക്കിയിരുന്നത്. ഇത് മനസിലാക്കിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ലഭിക്കുന്ന തരത്തിലേക്ക് വികസന മെത്തിച്ചത്. ഇതോടെ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി. ഈ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമാക്കിയുയര്‍ത്താനുള്ള നടപടി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ജനകീയ പങ്കാളിത്തതോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം 504 കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയുയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 200 ആശുപത്രികള്‍ക്കുള്ള തസ്തികകള്‍ സൃഷ്ടിച്ചു കഴിഞ്ഞു.

മൂന്ന് വര്‍ഷം കൊണ്ട് 5,200 തസ്തികകളാണ് ആരോഗ്യ രംഗത്ത് സൃഷ്ടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 200 കോടിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് മരുതോങ്കര പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി മൂന്ന് ഡോക്ടര്‍മാരുടെ സേവനം, വൈകിട്ട് ആറ് വരെ പരിശോധന, ലാബ് സൗകര്യം ഉള്‍പ്പെടെയുള്ള വിപുലമായ സേവനങ്ങള്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കും.

ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എംപി മുഖ്യാതിഥിയായി. ഡിഎംഒ വി ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, മരുതോങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മരായ ബിപി പാറക്കല്‍, കെ ടി മുരളി, ടി കെ ശോഭ, ബ്ലോക്ക് പഞ്ചായത്തംഗം വി പി റീന, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിപിഎം ഡോ. എ നവീന്‍, മരുതോങ്കര മെഡിക്കല്‍ ഓഫീസര്‍ ഇ വി ആനന്ദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ലത്തീഫ്, ത്രേസ്യാമ്മ മാത്യു, കെ കൃഷ്ണന്‍ മാസ്റ്റര്‍, ടി പി അശോകന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പത്മിനി സുഗുണന്‍, കെ ടി മനോജന്‍, കെ കെ മോഹന്‍ദാസ്, രവീന്ദ്രന്‍ കിളയില്‍, പി പി ഇന്ദിര, ടി കെ അഷ്‌റഫ്, തോമസ് കൈതക്കുളം, കെ സി സെബാസ്റ്റിയന്‍, പുത്തൂര്‍ പത്മനാഭന്‍ മാസ്റ്റര്‍, സ്വാഗതസംഘം കണ്‍വീനര്‍ ടി കെ നാണു എന്നിവര്‍ സംസാരിച്ചു.മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ വിനോദന്‍ നന്ദിയും പറഞ്ഞു.