കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കരുത്തുപകരുന്ന വിഷയങ്ങളെ 10 പ്രധാനമേഖലകളായി തിരിച്ചാണ് ലോകകേരളസഭ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. ധനകാര്യം, വ്യവസായം-വിവര സാങ്കേതികവിദ്യ-നവസാങ്കേതികവിദ്യ, കൃഷി-മൃഗസംരക്ഷണം-മല്‍സ്യബന്ധനം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, സ്ത്രീകളും പ്രവാസവും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദസഞ്ചാരം-സഹകരണം, സംസ്‌കാരം-ഭാഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യുന്നത്.ധനകാര്യത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍, കിഫ്ബി, പ്രവാസിചിട്ടി, പ്രവാസി ലോട്ടറി, പ്രവാസി വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
• വ്യവസായ മേഖലയില്‍ വ്യവസായത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും കരട് നയങ്ങള്‍, സര്‍ക്കാരിന്റെ അടിസ്ഥാന സമീപനം, വിജയകഥകള്‍, മാതൃകകള്‍, പ്രവാസികള്‍ക്കുള്ള നിക്ഷേപ-സംരംഭ സാധ്യതകള്‍, പ്രവാസികളുടെ നിര്‍ദേശങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുക്കുന്ന നവലോക ക്രമം എന്നിവ ഉള്‍പ്പെടുന്നു.
• കൃഷി,മൃഗസംരക്ഷണ മേഖലയില്‍ ഈ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, വിജയമാതൃകകള്‍, നിക്ഷേപ സാധ്യതകള്‍, പ്രവാസികളുടെ പ്രതീക്ഷകള്‍, ആവശ്യങ്ങള്‍, പരിസ്ഥിതി, ജല സംരക്ഷണം തുടങ്ങിയവ ചര്‍ച്ചചെയ്യും.
• പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എന്ന മേഖലയില്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയ, കബളിപ്പിക്കലുകള്‍, നൈപുണ്യ പരിശീലനം, യാത്ര-യാത്രയിലെ അധികചിലവ്, ചൂഷണം തുടങ്ങിയവ ഉള്‍പ്പെടുന്നു.
• സ്ത്രീകളും പ്രവാസവും എന്ന മേഖലയില്‍ വീട്ടുജോലിയും മറ്റ് തൊഴില്‍തുറകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ലൈംഗിക ചൂഷണം, പ്രവാസികളുടെ കുടുംബം, സ്ത്രീകളും യാത്രയും സ്വാതന്ത്ര്യവും തുടങ്ങിയവ ഉള്‍പ്പെടുന്നു.
• പ്രവാസത്തിനുശേഷമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പുനരധിവാസം, സാമൂഹ്യക്ഷേമം, സംരക്ഷണം, നോര്‍ക്ക സ്‌കീമുകള്‍, ഇതര സര്‍ക്കാര്‍ പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
• വിനോദസഞ്ചാരം-സഹകരണ മേഖലയില്‍ പ്രവാസി സംഘങ്ങള്‍, മറ്റ് സഹകരണ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര രംഗത്തെ സാധ്യതകള്‍, പ്രവാസികള്‍ കേരളത്തിന്റെ പ്രചാരകര്‍, കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
• സംസ്‌കാരം-ഭാഷ എന്നീ മേഖലയില്‍ കേരളത്തിനുപുറത്തുള്ള  സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, അവ കേരളത്തിനു നല്‍കുന്ന അവസരങ്ങള്‍, ഭാഷാ പഠനം തുടങ്ങിയവ ഉള്‍പ്പെടുന്നു.
• വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ കമ്പോളവും വിദ്യാഭ്യാസവും, നൈപുണ്യ പരിശീലനം, പ്രവാസികളുടെ അനുഭവ പരിചയവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിനുവേണ്ടി പ്രവാസികള്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
• ആരോഗ്യ മേഖലയില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍, ആയുര്‍വേദവും വിനോദസഞ്ചാരവും, ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും കുടിയേറ്റം, കേരളീയര്‍ പുറംലോകത്ത് നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയ്ക്ക് വിഷയമാകും.
ലോകകേരള സഭയില്‍ മൂന്ന് ഓപ്പണ്‍ ഫോറം
ലോകകേരളസഭയുടെ ഭാഗമായി 12, 13 തിയതികളിലായി മൂന്ന് ഓപ്പണ്‍ ഫോറങ്ങള്‍ നടക്കും.
• 12ന് രാവിലെ 11 മണിക്ക് പ്രവാസലോകത്തിന്റെ വര്‍ത്തമാനം, ഭാഷ, കാലം, സംസ്‌കാരം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ശശികുമാറാണ് മോഡറേറ്റര്‍. ജേക്കബ് ജോര്‍ജ് അവതാരകനാവും. ശോഭന, ടി. ജെ. എസ്. ജോര്‍ജ്, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, രേവതി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഒന്നര മണിക്കൂര്‍ വീതമുള്ള മൂന്നു സെഷനുകളായാണ് ചര്‍ച്ച.
• വൈകിട്ട് മൂന്നു മണിക്ക് ശാസ്ത്രസാങ്കേതികം:  സാധ്യതകളും വെല്ലുവിളിയും എന്നതില്‍ ചര്‍ച്ച നടക്കും. മുരളി തുമ്മാരുകുടി മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ കെ.കെ. കൃഷ്ണകുമാര്‍ അവതാരകനാവും. ക്രിസ് ഗോപാലകൃഷ്ണന്‍, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
• 13ന് രാവിലെ 11 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം പരിപാടി നടക്കും. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. ഡോ. എം.എസ്. സ്വാമിനാഥന്‍, ഡോ. എ.ഗോപാലകൃഷ്ണന്‍, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. തളപ്പില്‍ പ്രദീപ്, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. യൂണിവേഴ്‌സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍ സ്വാഗതം പറയും.