കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷകള്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് സര്‍വീസ് നടത്തുന്നതിന് തൊഴിലാളി യൂണിയനുകള്‍ സന്നദ്ധത അറിയിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചതായും അവര്‍ പറഞ്ഞു.

റിട്ടേണ്‍ ഓട്ടത്തിന് സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതനുസരിച്ച് മിനിമം ചാര്‍ജായ 25 രൂപ കഴിഞ്ഞു വരുന്ന തുകയുടെ അന്‍പതു ശതമാനം അധികമായി ഈടാക്കുന്നതായിരിക്കും. ഇത്തരം ഓട്ടങ്ങള്‍ക്ക് മീറ്റര്‍ നിരക്കിന്‍റെ അന്‍പതു ശതമാനം അധികമായി ലഭിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്താമെന്ന് കളക്ടര്‍ അറിയിച്ചു.

നഗരപരിധി നിര്‍ണയിക്കുന്നതിന് സര്‍ക്കാരിന്‍റെ അനുമതി നേടുന്നതിന് ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. ടൗണ്‍ പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ ടൗണില്‍നിന്ന് യാത്രക്കാരെ കയറ്റുന്നതിനെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.

ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ഡെപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ്, ആര്‍.ടി.ഒ വി.എം ചാക്കോ, തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളായ എം.പി. സന്തോഷ്കുമാര്‍, ഫിലിപ്പ് ജോസഫ്, പി.ജെ വര്‍ഗീസ്, സുനില്‍ തോമസ്, സാബു പുതുപ്പറമ്പില്‍, പി.എസ്. തങ്കച്ചന്‍, തോമസ് എ.ജെ, ടി.എം. നളിനാക്ഷന്‍, ജോഷി ജോസഫ്, ടോണി തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.