പാലക്കാട്: വ്യത്യസ്തമായ തൊഴിലിടം കണ്ടെത്തി മുന്നേറുന്ന വനിതാ സംരംഭങ്ങള്‍ക്ക് മികച്ച മാതൃകയാവുകയാണ് വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ‘റിലാക്‌സ്’ സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂണിറ്റ്. 2018 ജനുവരിയില്‍ 10 സ്ത്രീകള്‍ ചേര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ തുടങ്ങിയ ‘റിലാക്‌സ്’ ഇന്ന് വിപണിയില്‍ സജീവമായതോടെ വരുമാനത്തോടൊപ്പം സ്വയം പര്യാപ്തത കൈവരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജില്ലയിലെ ആദ്യ സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂണിറ്റായ ‘റിലാക്‌സ്’ലെ ജീവനക്കാര്‍.
തുടക്കത്തില്‍ പ്രതിദിനം 200 നാപ്കിനുകള്‍ നിര്‍മിച്ചിരുന്നിടത്ത് നിന്നും ഇന്ന് ഉത്പാദനം 600 എണ്ണമായി വര്‍ധിച്ചിട്ടുണ്ട്. ആറെണ്ണം നാപ്കിനുകള്‍ അടങ്ങിയ ഒരു പായ്ക്കറ്റിന് 35 രൂപയാണ് വില. പഞ്ചായത്തിന്റെ നാനോ മാര്‍ക്കറ്റ്, കുടുംബശ്രീ വിപണനമേളകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ വിപണനം നടത്തുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ സബ്‌സിഡിയായി ലഭിച്ച അഞ്ച് ലക്ഷത്തില്‍ കുടുംബശ്രീയില്‍ നിന്നും പരിശീലനം ലഭിച്ചവരാണ് ‘റിലാക്‌സ്’ന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഇമ്പ്രെസ്സ് മെഷീന്‍, സീലിങ് മെഷീന്‍, കട്ടിങ് മെഷീന്‍, സെര്‍ലൈസിങ് മെഷീന്‍ ഉപയോഗിച്ചാണ് നിര്‍മാണം.
നാപ്കിനുകളുടെ ഗുണനിലവാരവും വിപണനവും അറിഞ്ഞ് നേരിട്ടെത്തി ധാരാളം പേര്‍ വാങ്ങുന്നതായും ‘റിലാക്‌സ്’ യൂണിറ്റ് പ്രസിഡന്റ് കെ.ഇ അമൃത പറഞ്ഞു. വാണിയംകുളം പഞ്ചായത്തിലെ 17-ാം വാര്‍ഡ് പനയൂര്‍ വായനശാലയ്ക്ക് സമീപം ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
കോട്ടണ്‍, നാനോവന്‍, വുള്‍ പള്‍പ്പിന്റെ ജല്‍ ഷീറ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് നാപ്കിനുകള്‍ നിര്‍മിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഉത്പാദനം വര്‍ധിപ്പിച്ച് ജില്ലയ്ക്ക് പുറത്ത് വിപണി സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ‘റിലാക്‌സ്’ സംഘം.