വയനാട്: സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രതിനിധികള്‍ ജില്ലയില്‍ പര്യടനം തുടങ്ങി.  ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ മുകേഷ് കുമാര്‍, ഡിവൈ.എസ്.പി ഐ.ആര്‍ കുര്‍ളോസ് എന്നിവരാണ് ജില്ലയിലെത്തിയത്.

ഒക്ടോബര്‍ 19 വരെ ജില്ലയില്‍ ക്യാമ്പു ചെയ്യുന്ന പ്രതിനിധികള്‍ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍, സ് കൂളുകള്‍, അംഗന്‍വാടികള്‍, പൊതുവിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല സിറ്റിംഗിന്റെ ഭാഗമായാണ് ജില്ലയിലെ സന്ദര്‍ശനം.

ഇതിന്റെ ഭാഗമായി വിവിധ വകുപ്പു ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ വിവിധ വകുപ്പുകളോട് പ്രവര്‍ത്തന പുരോഗതികളുടെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും ആവശ്യപ്പെട്ടു. ജില്ലയുടെ ആവശ്യങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് സംസ്ഥാനതല സിറ്റിംഗില്‍ അവതരിപ്പിക്കുമെന്ന് കമ്മിഷന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ മുകേഷ് കുമാര്‍ പറഞ്ഞു.

വ്യാഴായ്ച്ച കമ്മിഷന്‍ പ്രതിനിധികള്‍ അതാത് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പൂക്കോട് എംആര്‍എസ്, വൈത്തിരി പ്രിമെട്രിക് ഹോസ്റ്റല്‍, കൈനാട്ടി ജനറല്‍ ആശുപത്രി, അമ്പിലേരി അംഗനവാടി, തരിയോട് എസ്.എ.എല്‍.പി സ്‌കൂള്‍, അച്ചൂര്‍ ജി.എച്ച്.എസ് സ്‌കൂള്‍ തുടങ്ങിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി.