വയനാടിന് അനുവദിച്ച 11 ‘കനിവ്’ 108 ആംബുലൻസുകളിൽ ചുരം കയറിയെത്തിയവ ഇനിമുതൽ വിളിപ്പുറത്ത്. കലക്ടറേറ്റ് പരിസരത്ത് സി.കെ ശശീന്ദ്രൻ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു. ശേഷിക്കുന്ന മൂന്ന് ആംബുലൻസുകൾ ഉടൻ വയനാട്ടിലെത്തും. മാനന്തവാടി ജില്ലാ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികൾ, കൽപ്പറ്റ ജനറൽ ആശുപത്രി, മീനങ്ങാടി, മേപ്പാടി സി.എച്ച്.സികൾ, അപ്പപ്പാറ, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്.

അപകടങ്ങളിൽപ്പെടുന്നവരെ സൗജന്യമായി ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കാൻ സജ്ജമായ ആംബുലൻസുകളാണ് നിരത്തിലിറങ്ങുന്നത്. അപകട സ്ഥലങ്ങളിൽനിന്നും ആശുപത്രികളിലേക്കുള്ള സേവനമാണ് ലഭ്യമാവുക. 108 എന്ന നമ്പറിലൂടെയും ആൻഡ്രോയ്ഡ് ആപ് വഴിയും സേവനം ലഭ്യമാവും. പ്രത്യേക സോഫ്റ്റ് വെയർ വഴി കോൾ സെന്ററിലെ കംപ്യൂട്ടറിലേക്കാണ് കോളുകൾ എത്തുക. മോണിറ്ററിൽ അപകടസ്ഥലം രേഖപ്പെടുത്തിയാൽ അതിനു തൊട്ടടുത്തുള്ള ആംബുലൻസ് തിരിച്ചറിയാനാകും.

30 മിനിറ്റിനകം സ്ഥലത്തെത്തുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ആംബുലൻസിലുണ്ടാകും. അപകടത്തിൽപ്പെട്ടവർക്കു മുൻകരുതൽ എടുക്കണമെങ്കിൽ, വിളിച്ചയാൾക്ക് കോൺഫറൻസ് കോൾ മുഖേന ടെക്‌നീഷ്യനുമായി സംസാരിക്കാം. ടെക്നീഷ്യൻ പ്രാഥമിക പരിശോധനകൾ നടത്തി ഫോണിലൂടെ നൽകുന്ന വിവരങ്ങൾ അനുസരിച്ച് രോഗിക്ക് ഏതു തരത്തിലുള്ള ചികിത്സയാണു വേണ്ടതെന്നും ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോവേണ്ടതെന്നും സെന്ററിൽ തീരുമാനിക്കാനാകും. സെന്ററിലെ ജീവനക്കാർക്കു സംശയമുണ്ടെങ്കിൽ ടെലി കോൺഫറൻസ് വഴി ഡോക്ടറുടെ സഹായവും തേടാം.
ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ഏത് ആശുപത്രിയിലാണു രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനൊപ്പം ആ ആശുപത്രിക്കു വിവരം നൽകാനുള്ള സംവിധാനവുമുണ്ട്. ആശുപത്രിയിൽ വെന്റിലേറ്ററിന്റെയോ വിദഗ്ധ ഡോക്ടറുടെയോ അഭാവമുണ്ടായാൽ മറ്റൊരു ആശുപത്രിയുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എം പാനൽ ചെയ്ത ആശുപത്രികളിലേക്കാണ് അപകടത്തിൽപ്പെടുന്നവരെ കൊണ്ടുപോവുന്നത്. എം.എൽ.എമാരായ ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കളക്ടർ എ.ആർ അജയകുമാർ, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, ഡി.എം.ഒ ഡോ. ആർ രേണുക, ഡി.പി.എം ഡോ. ബി അഭിലാഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.