ചുരം റോഡില്‍ ദേശീയപാതയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികളുമായി ജില്ലാ വികസന സമിതി. ചുരം റോഡില്‍ ദേശീയപാത കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങളും പെട്ടിക്കടകളും ഒഴിപ്പിക്കാനുള്ള നടപടികള്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി.

ജോര്‍ജ് എം തോമസ് എംഎല്‍എ വിഷയം സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണിത്.  കയ്യേറി നിര്‍മ്മിച്ച പതിനാറോളം കടകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ ജില്ലാ വികസന സമിതിയില്‍ അറിയിച്ചു.

ജില്ലയില്‍ വനംവകുപ്പ് ജെണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍, പരാതികള്‍ ഉള്ളിടത്തെല്ലാം റവന്യൂ വകുപ്പുമായി ചേര്‍ന്ന് സംയുക്ത സര്‍വേ നടത്താന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.  വനംവകുപ്പ് അതിര്‍ത്തി നിര്‍ണയിക്കുന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് പരാതിയുണ്ടെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു.

നാദാപുരം കാവിലുംപാറയില്‍  വനംവകുപ്പ് അതിര്‍ത്തി നിശ്ചയിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ ആണെന്ന് നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ടെന്നും  എംഎൽഎ ഇ കെ വിജയൻറെ പ്രതിനിധിയും യോഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്  സംയുക്ത സര്‍വേ നടത്താന്‍ തീരുമാനമായത്.

കൊയിലാണ്ടി താലൂക്കില്‍ കരിമണ്ണൂര്‍ ഗോഡൗണില്‍ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് റേഷന്‍ കടകളില്‍ സാധനം എത്താന്‍ വൈകുന്നു എന്ന് കെ ദാസന്‍ എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിച്ച് നടപടികളെടുക്കാന്‍ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.

കക്കാടംപൊയില്‍ ടൂറിസം സാധ്യത വര്‍ധിപ്പിക്കണമെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു. തിരുവമ്പാടി മേഖലയില്‍ ടൂറിസത്തിന് കീഴിലല്ലാത്ത പതങ്കയം, തേന്‍പാറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നുവെന്നും ഇവിടെ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും രാഹുല്‍ ഗാന്ധി എംപിയുടെ പ്രതിനിധി ടി. സിദ്ദിഖ് യോഗത്തില്‍ അറിയിച്ചു.

കാരശ്ശേരി ആനയാംകുന്നിലെ കുടിവെള്ള ടാങ്ക് അപകടാവസ്ഥയില്‍ ആണെന്നും ഇത് പൊളിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഈ ടാങ്കില്‍ ഇപ്പോള്‍ വെള്ളം നിറയ്ക്കുന്നില്ലെന്നും പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നും അധികൃതര്‍ അറിയിച്ചു.

മഴക്കെടുതി മൂലം തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുവള്ളി ബ്ലോക്കില്‍ അധികൃതരുടെ അനാസ്ഥ മൂലം 80 ലക്ഷം രൂപയോളം ലാപ്‌സായി പോയെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ യോഗത്തില്‍ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

വടകര മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ വിപുലപ്പെടുത്തണമെന്ന് സികെ നാണു എംഎല്‍എ ആവശ്യപ്പെട്ടു. വടകര സാന്‍ഡ് ബാങ്ക്‌സ്, സര്‍ഗ്ഗാലയ, തച്ചോളി- മാണിക്കോത്ത് ക്ഷേത്രം എന്നിവ വിനോദസഞ്ചാരത്തിനായി കൂടുതല്‍ പരിഗണന വേണം.

ചോറോട്, ഏറാമല പഞ്ചായത്തുകളിലെ കോളനികളിലെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി റോഡുകളുടെയും വീടുകളുടെയും ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സികെ നാണു എംഎല്‍എ ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് അടിയന്തരമായി നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കൊയിലാണ്ടിയില്‍  മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കെ ദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മൂടാടിയിലുള്ള കുടിവെള്ള പദ്ധതി നൂറിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്രദമാകണമെങ്കില്‍ ദേശീയപാതയില്‍ ഒരു ക്രോസിങ് അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അകലാപ്പുഴ പാലത്തിന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം ഉടന്‍ പരിഹരിക്കണം എന്നും ഇതിനായി നടപടികള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെല്‍കൃഷി /പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് ഭാഗമായി പേരാമ്പ്ര ബ്ലോക്കിലെ പേരാമ്പ്ര പഞ്ചായത്തില്‍ 4.6 1 ഹെക്ടറും ചങ്ങരോത്ത് ഒരു ഹെക്ടറും ബാലുശ്ശേരി ബ്ലോക്കിലെ കോട്ടൂര്‍, പനങ്ങാട്, തൂണേരി ബ്ലോക്കിലെ എടച്ചേരി എന്നിവിടങ്ങളിലും തരിശുഭൂമിയില്‍ കൃഷി ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൊടുവള്ളി ബ്ലോക്കില്‍ കൊടുവള്ളി, കട്ടിപ്പാറ, കോടഞ്ചേരി, കിഴക്കോത്ത്, താമരശ്ശേരി,  തിരുവമ്പാടി, ഓമശ്ശേരി, പുതുപ്പാടി, മടവൂര്‍ എന്നീ സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നതിന് നിലമൊരുക്കല്‍ പൂര്‍ത്തിയായതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍  കര്‍ഷകര്‍ക്കിടയില്‍ എത്തിക്കാന്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള എക്‌സൈസ് കമ്മിറ്റിയോഗം കൃത്യമായി വിളിച്ചുചേർക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

ഗോതീശ്വരത്ത് കടല്‍ക്ഷോഭത്തില്‍  വീട്  നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള  സര്‍വെ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍  അറിയിച്ചു.  ജില്ലയില്‍  കടൽത്തീരത്ത് വേലിയേറ്റ മേഖലയിൽ മാറ്റിപാര്‍പ്പിക്കാനുള്ളത് 549 കുടുംബങ്ങളാണ്.  ഇവരെ മാറ്റി താമസിപ്പിക്കാൻ ഉള്ള നടപടികളുടെ ഭാഗമായി  മാറിതാമസിക്കാന്‍ തയ്യാറുള്ള കുടുംബങ്ങളുടെ അനുമതിപത്രം ശേഖരിക്കാനും യോഗം തീരുമാനിച്ചു.

ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ പ്രവൃത്തി പുരോഗതി സംബന്ധിച്ച് പുരുഷന്‍ കടലുണ്ടി എംഎല്‍എ കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ബാലുശ്ശേരി ടൗണില്‍ നിന്ന് നാല്കിലോമീറ്റര്‍ മാറി പറമ്പിന്‍മുകളില്‍ എന്ന സ്ഥലത്ത് ലഭ്യമാണെന്നും  ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സര്‍ക്കാരിന്  നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സൗത്ത് ബീച്ച് നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മിച്ച ലൈറ്റുകള്‍ ഒന്നും കത്തുന്നില്ലെന്ന് എം കെ മുനീര്‍ എം എല്‍ എയുടെ പ്രതിനിധി കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചിരുന്നു. കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ ലൈറ്റുകളും ആറുമാസത്തിനകം എല്‍ഇഡി ആക്കുന്നതിനായി നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.

യോഗത്തില്‍ എംഎല്‍എമാരായ ഡോ. എം കെ മുനീര്‍, കെ ദാസന്‍, സി കെ നാണു, ജോര്‍ജ് എം തോമസ്, പ്ലാനിങ് ഓഫീസര്‍ അനില്‍കുമാര്‍, സബ് കലക്ടര്‍ ജി പ്രിയങ്ക, എംഎല്‍എമാരുടെയും എംപിമാരുടെയും പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു