മുളന്തുരുത്തി: അഡീഷണൽ ഐ.സി.ഡി.എസ്സിന് കീഴിലുള്ള അങ്കണവാടികളിൽ ഇക്കുറി നടന്നത് പ്രകൃതിസൗഹൃദ പ്രവേശനോത്സവം. ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് നൂറിലധികം അങ്കണവാടികളിൽ പ്ലാസ്റ്റിക് തോരണങ്ങൾക്കും ബലൂണുകൾക്കും പകരം കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങളും ഓലപീപ്പിയും പന്തുമെല്ലാമാണ് പ്രവേശനദിനത്തിൽ കുട്ടികൾക്ക് കളിക്കാനായി നൽകിയത്.

ശിശുവികസന പദ്ധതി ഓഫീസർ ഇന്ദു വി.എസ്, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, അമ്മമാർ എന്നിവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ്സിന് കീഴിലുള്ള അങ്കണവാടികളിൽ ഇന്നലെ (01-11-19) നടന്ന പ്രവേശനോത്സവത്തിൽ 1500 കുട്ടികൾ എത്തി.