കൊച്ചി : എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നാളത്തെ കേരളം ലഹരി മുക്ത നവകേരളം 90 ദിന തീവ്രയത്ന പരിപാടികളുടെ സ്വാഗത സംഘ രൂപീരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് സ്വാഗത സംഘം ഉദ്ഘാടനം ചെയ്തു. മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് തീവ്രയത്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിയാണ്. നാടിന്റെ രക്ഷയ്ക്ക് വേണ്ടി ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും തടയുന്നത് വരെ പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു.

വിമുക്തിയുടെ ജില്ലാ ചുമതല വഹിക്കുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് മുഖ്യ രക്ഷാധികാരി. എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് , തോമസ് ചാഴികാടൻ, എംഎൽഎമാരായ ടി. ജെ വിനോദ്, പി. ടി തോമസ്, വി . കെ ഇബ്രാഹിംകുഞ്ഞ്, എം സ്വരാജ് , അനൂപ് ജേക്കബ് , ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, എൽദോ എബ്രഹാം, വി.പി. സജീന്ദ്രൻ, വി ഡി സതീശൻ, റോജി എം ജോൺ , എസ്.ശർമ , കെ.ജെ മാക്സി , അൻവർ സാദത്ത്, ജോൺ ഫെർണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവരാണ് രക്ഷാധികാരികൾ . മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ സുരേഷ് ബാബുവാണ് ചെയർമാൻ. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ എസ് രഞ്ജിത്താണ് കൺവീനർ.

ടൗൺ ഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഗ്രേസി ബാബു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ , സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.