രാജ്യം വികസിപ്പിച്ചെടുത്ത ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേട്ടങ്ങള്‍ ഉപയോഗിച്ചു മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സിഎംഎഫ്ആര്‍ഐ സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരമായി സന്ദേശമെത്തിക്കാന്‍ ഉപഗ്രഹനിയന്ത്രിത നാവിക് സംവിധാനം ഒരുക്കുന്നുണ്ട്. ഐഎസ്ആര്‍ഒ-യുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒരുക്കുന്ന നാവിക് സംവിധാനം കൊച്ചി, തിരുവനന്തപുരം,  കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കി.  ഇത്തരത്തിലുള്ള 500 ഉപകരണങ്ങള്‍ ജനവരി 30ന് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും . ഉപയോഗിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിശീലനവും നല്‍കും. ഫെബ്രുവരിയില്‍ ആയിരത്തോളം ഇത്തരത്തിലുള്ള  ഉപകരണങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) വികസിപ്പിച്ചെടുത്ത പ്രദര്‍ശന ബോര്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മത്സ്യബന്ധന സാധ്യതയുള്ള സ്ഥലങ്ങള്‍, കാലാവസ്ഥാ പ്രവചനം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തെ മുന്നറിയിപ്പായി നല്‍കാന്‍ ഈ പ്രദര്‍ശന ബോര്‍ഡുകള്‍ക്ക് സാധിക്കും. ഇവ പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയില്‍ മുനമ്പത്താണ് പ്രദര്‍ശനബോര്‍ഡ് സ്ഥാപിക്കുക. ബോര്‍ഡ് വഴി വിവിധ മത്സ്യങ്ങളുടെ അന്താരാഷ്ട വിലനിലവാരം കൂടി പ്രദര്‍ശിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തിന്റെ ഉത്പാദനവും ന്യായവിലയും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും  ഉറപ്പുവരുത്തുന്നതിനും  സര്‍ക്കാര്‍  പ്രതിജ്ഞാബദ്ധമാണ്.
സര്‍വകലാശാലയില്‍ ഈ രംഗത്ത് ഗവേഷണം ചെയ്യുന്നവരുടെ അനുഭവസമ്പത്തും മത്സ്യബന്ധന തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ അനുഭവസമ്പത്തും യോജിപ്പിച്ച് ഫിഷറീസ് മേഖലയില്‍ കൂടുതല്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
മത്സ്യബന്ധന രീതികളില്‍ നിയന്ത്രണം വരുത്താന്‍ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് ഭേദഗതിയിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. 37000 ലധികം യാനങ്ങള്‍ ഇതോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പുതിയ യാനകള്‍ക്ക് രജിസ്റ്ററേഷന്‍ നല്‍കുമ്പോള്‍ പഴയതു കാലക്രമേണ ഒഴിവാക്കിക്കൊണ്ട് യാനങ്ങളുടെ ആധിക്യം കുറയ്ക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
സിഎംഎഫ്ആര്‍ഐ-യില്‍ നടന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മത്സ്യതൊഴിലാളികള്‍, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, ഐഎസ്ആര്‍ഒ, ഇന്‍കോയിസ്, സിഎംഎഫ്ആര്‍ഐ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇന്‍കോയിസിലെ ഡോക്ടര്‍ ടി എം ബാലകൃഷ്ണന്‍,  സിഎംഎഫ്ആര്‍ഐയിലെ ഡോ എ പി ദിനേശ് ബാബു , സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു