- പട്ടികവർഗ വിദ്യാർഥികളുടെ കായിക മാമാങ്കം
- പി. പുഗഴേന്തി പതാക ഉയർത്തി
പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ കായിക മാമാങ്കം കളിക്കളത്തിന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ (ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ) തുടക്കം. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി. പുഗഴേന്തി പതാക ഉയർത്തിയതോടെ കായിക മേളയ്ക്ക് സമാരംഭമായി. പട്ടികവർഗ വിദ്യാർഥികളുടെ കായിക കഴിവുകൾ പരിപോഷിപ്പിക്കാൻ കളിക്കളത്തിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 800 കുട്ടികൾ പങ്കെടുത്ത സ്ഥാനത്ത് ഇത്തവണ 1200 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. ഇത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
കായികമേളയുടെ മഹത്വം വിളിച്ചോതിയ വർണാഭമായ മാർച്ച് പാസ്റ്റിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. അട്യാ പാട്യാ ദേശീയ താരം അമൃത ബാബുവാണ് ദീപശിഖ തെളിയിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും 112 ട്രൈബൽ ഹോസ്റ്റലുകളിൽ നിന്നുമുള്ള 1200 കുട്ടികളാണ് കളിക്കളത്തിൽ മാറ്റുരയ്ക്കുന്നത്. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിലും ബാഡ്മിന്റൺ മത്സരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിലുമാകും നടക്കുക. മികച്ച ഓട്ടക്കാർക്കും നീന്തൽ താരങ്ങൾക്കും പ്രത്യേക ട്രോഫികളും കൂടുതൽ മെഡൽ നേടുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് ഓവറാൾ ട്രോഫിയും സമ്മാനിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കബഡി, ഫുഡ്ബോൾ, ഖോ ഖോ മത്സരങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കളിക്കളത്തിന് ആവേശമായി അമൃത ബാബു
- സബ് ജൂനിയർ വിഭാഗത്തിൽ വേഗതയേറിയ താരം
പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായിക മേളയായ കളിക്കളത്തിൽ താരമായി കോതമംഗലം പന്തപ്ര സെറ്റിൽമെന്റിലെ കൊച്ചുമിടുക്കി അമൃത ബാബു. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണമെഡൽ നേടിയാണ് ആദ്യദിനം അമൃത കളിക്കളം വിട്ടത്. മഹാരാഷ്ട്രയിൽ നടന്ന അട്യാ പാട്യാ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരം കൂടിയാണ് ഈ 12 വയസുകാരി.
കഴിഞ്ഞ വർഷം നടന്ന കളിക്കളം സംസ്ഥാന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻ കൂടിയാണ് അമൃത. 100, 200 മീറ്റർ ഓട്ടമത്സരം, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. അത്ലറ്റിക്സിനു പുറമെ നെറ്റ് ബോൾ, ഖോ -ഖോ തുടങ്ങിയ കളികളിലും മികവു തെളിച്ചിട്ടുണ്ട് ഈ മിടുക്കി.
സ്‌പോർട്‌സ് തന്നെയാണ് തന്റെ ജീവിതവും സ്വപ്‌നവുമെന്ന് അമൃത പറയുന്നു. അഞ്ചാം ക്ലാസ് മുതൽ ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്ന അമൃതയിലെ കായികതാരത്തെ കണ്ടെത്തിയത് സ്‌കൂളിലെ കായിക അധ്യാപിക സിനി തോമസാണ്. നിലവിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ബാബുവിന്റെയും അനിതയുടെയും മകൾ അമൃത.
സംസ്ഥാനമെമ്പാടുമുള്ള 1200 ഓളം കുട്ടികളെ പങ്കെടുപ്പിച്ചുള്ള കളിക്കളം കായികമേള സംഘാടകമികവാലും ശ്രദ്ധേയമാകുന്നു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എൻ.സി.സി, എൻ.എസ്.എസ്, എസ്.ടി പ്രൊമോട്ടേഴ്‌സ് എന്നിവരും ഒപ്പം പട്ടികവർഗ വികസന വകുപ്പിലെയും എൽ.എൻ.സി.പി.ഇയിലെയും ഉദ്യോഗസ്ഥരും ചേർന്ന് മികച്ച സൗകര്യമാണ് കായികതാരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. വോളന്റിയർമാരായി മാത്രം 130 ഓളം പേർ കളിക്കളത്തിലുണ്ട്. വിദ്യാർഥികളുടെ അച്ചടക്കവും പെരുമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയർ പ്ലേ അവാർഡും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. മാർ ഇവാനിയോസ് കോളേജ്, അൽസാജ് എന്നിങ്ങനെ 14 ഇടങ്ങളിലായാണ് 1500 ത്തോളം വരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കുമായി താമസസൗകര്യം സജ്ജീകരിച്ചിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും എൽ.എൻ.സി.പി.യിൽ ഒരുക്കിയിട്ടുണ്ട്. കായികമേള നംവബർ 26ന് അവസാനിക്കും.