മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍ ചലച്ചിത്ര അക്കാദമി ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഡിസംബര്‍ 8 മുതല്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. ദേശീയ, അന്തര്‍ ദേശീയതലങ്ങളിലെഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും സെയില്‍സ് ഏജന്‍സികളുമാണ് മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്.രാജ്യാന്തര ചലച്ചിത്രമേളകളിലും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്‌ളാറ്റ്‌ഫോമുകളിലും പ്രദര്‍ശന, വിപണന സാധ്യതകള്‍ തേടുന്ന മലയാള ചലച്ചിത്രപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ഈ സംരംഭമൊരുക്കിയിരിക്കുന്നത്.
2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2019 ആഗസ്റ്റ് 31 വരെ പൂര്‍ത്തിയാക്കിയ മലയാള സിനിമകള്‍ക്കാണ് മാര്‍ക്കറ്റില്‍ അവസരം ലഭിക്കുന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംവിധായകര്‍ക്കും മാര്‍ക്കറ്റിംഗ് പ്രതിനിധികള്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും. പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ബൂത്തുകളില്‍ ക്ഷണിക്കപ്പെട്ട പ്രോഗ്രാമര്‍മാര്‍ക്കും സെയില്‍സ് ഏജന്‍സികള്‍ക്കും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്‌ളാറ്റ്‌ഫോം പ്രതിനിധികള്‍ക്കും സ്വകാര്യമായി സിനിമകള്‍ കാണാനുള്ള സൗകര്യവുമുണ്ടാകും.

താല്‍പര്യമുള്ളവര്‍ സിനിമയുടെ ബ്രോഷറും പോസ്റ്ററും (സോഫ്റ്റ് കോപ്പി), സിനിമയുടെ പാസ്‌വേര്‍ഡ് പ്രൊട്ടക്റ്റഡ് ആയ വിമിയോ ലിങ്കും 2019 ഡിസംബര്‍ രണ്ടിന് മുമ്പായി iffkfilmmarket2019@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.