ഇരുപതിനാലാമത്‌ കേരളാ രാജ്യാന്തര ചലച്ചിത്ര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.12000 ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു.പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്.3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി.മിഡ്‌നെറ്റ് സ്ക്രീനിങ് ചിത്രമായ ഡോർലോക്ക് ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുക.ബാര്‍ക്കോ ഇലക്ട്രോണിക്സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ  നിശാ ഗന്ധിയിൽ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്.അതേ ഗുണനിലവാരമുള്ള പുതിയ സ്ക്രീനും ഉപയോഗിക്കും.ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്.

സില്വനര്‍ സ്‌ക്രീൻ  4 k പ്രൊജക്ഷന്‍ സംവിധാനം  ഉള്ള ഏക തിയേറ്ററായ ടാഗോറിൽ 900 ലധികം സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൈരളി ,ശ്രീ,നിള എന്നിവയിലായി 1013 സീറ്റുകളും കലാഭവനിൽ  410 സീറ്റുകളും ലഭ്യമാകും.സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ,ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.റിസർവേഷൻ സീറ്റുകളിലെ പ്രവേശനത്തിന് ശേഷമേ മറ്റു പ്രതിനിധികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ക്യൂ നില്കാതെ തന്നെ ഭിന്നശേഷിക്കാർക്കും എഴുപത്  കഴിഞ്ഞവർക്കും തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും .ഭിന്നശേഷിക്കാർക്കായി തിയേറ്ററുകളിൽ റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി 250 ഓളം വനിതാ വോളന്റിയർമാരുടെ സേവനവും ലഭ്യമാകും.പരാതികൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റിക്കും അക്കാഡമി രൂപം നൽകിയിട്ടുണ്ട്.

ഇതിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ഡെലിഗേറ്റുകൾക്കുള്ള പാസ്സ് വിതരണം ഡിസംബർ നാലിന് ആരംഭിക്കും.ഒഴിവുള്ള പാസുകൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്.1500 രൂപയാണ് എല്ലാ വിഭാഗങ്ങൾക്കും രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്.