പത്തനംതിട്ട: പങ്കാളിത്തത്തോടെ തരിശ് കൃഷി വിജയകരമാക്കിയ കവിയൂര്‍ പുഞ്ച സന്ദര്‍ശിച്ച് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കവിയൂര്‍ പുഞ്ചയില്‍ സുസ്ഥിര കൃഷി നടപ്പാക്കുകയും വലിയ ആഴമുള്ള കുറ്റപ്പുഴ തോടിന്റെ കരയില്‍ അപകടകരമായ അവസ്ഥയില്‍ താമസിക്കുന്ന താമസക്കാരുടെ അവസ്ഥയും നേരിട്ട് ബോധ്യപ്പെടാനാണ് കവിയൂര്‍പുഞ്ചയുടെ ഭാഗമായ കുറ്റപ്പുഴ തോട്, നാട്ടുകടവ് എന്നീ പ്രദേശങ്ങള്‍ മന്ത്രി മന്ത്രി സന്ദര്‍ശിച്ചത്. വരട്ടാര്‍ പുനരുജ്ജീവന ശില്പശാലയില്‍ പങ്കെടുക്കവെ കവിയൂര്‍ പുഞ്ചയിലെ കര്‍ഷകരുടെയും കെ.മോഹന്‍കുമാര്‍ കിഴക്കന്‍മുത്തൂരിന്റെയും അഭ്യര്‍ത്ഥന മാനിച്ചാണ് മന്ത്രി എത്തിയത്.
സാധാരണ ഗതിയില്‍ നവംബര്‍ പകുതിയോടെ കൃഷിയിറക്കേണ്ട പുഞ്ചയില്‍ ഡിസംബറായിട്ടും വെള്ളം കെട്ടി നില്‍ക്കുന്നത് കൃഷി ആരംഭിക്കുന്നതിന് തടസം നില്‍ക്കുന്നു. കാലാവസ്ഥ വ്യതിയാനമനുസരിച്ച് കൃഷി നടക്കുകയും കവിയൂര്‍ പുഞ്ചയില്‍ സുസ്ഥിര കൃഷി എന്നത് സാധ്യമാക്കുന്നതിന് കുറ്റപുഴ തോടിന്റെ നവീകരണവും കറ്റോട് ചീപ്പിന്റെ പുനര്‍ നിര്‍മ്മാണവും ആവശ്യമാണ്. കറ്റോട് ചീപ്പ് വഴി മണിമലയാറിലേക്ക് കുറ്റപ്പുഴ തോട്ടില്‍ നിന്നുമുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമായാല്‍ കവിയൂര്‍ പുഞ്ചയില്‍ സുസ്ഥിരമായി കൃഷി നടപ്പിലാക്കുവാന്‍ സാധിക്കും. നടപടികള്‍ക്ക് ആവശ്യമായ രീതിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍്കുവാന്‍ സ്ഥല സന്ദര്‍ശന വേളയില്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 18 ന് തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മാത്യു ടി തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗവും കവിയൂര്‍ പുഞ്ച കോ-ഓര്‍ഡിനേറ്ററുമായ എസ്.വി സുബിന്‍, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, തിരുവല്ല നഗരസഭാ കൗണ്‍സിലര്‍മാരായ അരുന്ധതി രാജേഷ്, ശാന്തമ്മ മാത്യു , ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, പാടശേഖര സമിതി അംഗങ്ങളായ അനില്‍കുമാര്‍, പ്രസാദ് കുമാര്‍ പാട്ടത്തില്‍, രാജേഷ് കാടമുറി, കെ.പി മധുസൂദനന്‍ പിള്ള ആമല്ലൂര്‍, ലിറ്റി എബ്രഹാം തുടങ്ങിയവര്‍ കവിയൂര്‍ പുഞ്ചയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കളും മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. 30 വര്‍ഷത്തോളം തരിശായി കിടന്ന കവിയൂര്‍ പുഞ്ചയില്‍ 2018 ലാണ് ജനകീയ പങ്കാളിത്തതോടെ കൃഷി ഇറക്കി തരിശ് കൃഷി വിജയകരമാകിയത്.