കാക്കനാട്: ജില്ലയിലെ സർക്കാർ വകുപ്പുകൾ 2014 മുതൽ വിവിധ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചെലവിട്ട തുകയുടെ വിശദാംശങ്ങൾ ഈ മാസം 28 നകം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സമർപ്പിക്കണം. ഈ മാസം തന്നെ പ്രസ്തുത റിപ്പോട്ടുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്ക് മുമ്പാകെ സമർപ്പിക്കും. ജില്ലാ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വിശദമായ കണക്കെടുപ്പ് .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച മുഴുവൻ തുകയുടെയും വിശദാംശങ്ങൾ സമർപ്പിക്കണം. മറ്റു വകുപ്പുകൾ സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും ചെലവഴിച്ച തുകയുടെ കണക്കുകളാണ് നൽകേണ്ടത്.

വിവിധ താലൂക്കുകൾ ദുരിതാശ്വാസ ക്യാമ്പുകളുടെ വിശദാംശങ്ങൾ നൽകണം. കൃഷി വകുപ്പ് വില്ലേജ് തലത്തിൽ കണക്കുകൾ തയ്യാറാക്കി നൽകണം. ഈ മാസം 28ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇവയുടെ ജില്ലാതല പുന:പരിശോധനാ യോഗം നടക്കും. ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടര്‍ കെ. ടി. സന്ധ്യാ ദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.