മൂവാറ്റുപുഴ: ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന കന്നുകാലി പ്രദര്‍ശനം ശ്രദ്ധേയമായി. ക്ഷീര വികസന വകുപ്പ് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, മില്‍മ, കേരള ഫീഡ്സ്, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കല്ലൂര്‍ക്കാട് കന്നുകാലി പ്രദര്‍ശനം നടന്നത്.

76-ഓളം പശുക്കളും കിടാരികളും, മത്സരത്തില്‍ പങ്കെടുത്തു. കന്നുകാലി പ്രദര്‍ശനത്തില്‍ 23 കറവ പശുക്കളും, 24 കന്നുകുട്ടികളും, 24 കിടാരികളും, അഞ്ച് നാടന്‍ പശുക്കളുമാണ് പങ്കെടുത്തത്. കറവ പശു വിഭാഗത്തില്‍ കല്ലൂര്‍ക്കാട് പുത്തന്‍പുരയ്ക്കല്‍ സജി ജനാര്‍ദ്ധനന്റെ എച്ച്.എഫ് ഇനത്തില്‍ പെട്ട പശു ഒന്നാം സ്ഥാനം നേടി. കൂത്താട്ടുകുളം അമ്പാട്ട് കുഞ്ഞഗസ്തിയുടെ പശു രണ്ടാം സ്ഥാനവും, വാഴക്കുളം താനിക്കല്‍ റിജു സെബാസ്റ്റ്യന്റെ പശു മൂന്നാം സ്ഥാനവും നേടി വിജയിച്ചു. നാടന്‍ പശുക്കളുടെ വിഭാഗത്തില്‍ കല്ലൂര്‍ക്കാട് പേപ്പതിയില്‍ പി.വി.ജോസഫിന്റെ പശുവിന് ഒന്നാം സ്ഥാനവും, കല്ലൂര്‍ക്കാട് വട്ടകുഴിയില്‍ പയസ് ജോസഫിന്റെ പശുവിന് രണ്ടാം സ്ഥാനവും, കല്ലൂര്‍ക്കാട് പുത്തന്‍പുരയ്ക്കല്‍ രതീഷിന്റെ പശുവിന് മൂന്നാം സ്ഥാനവും നേടി വിജയിച്ചു.

കന്നുകുട്ടി വിഭാഗത്തില്‍ ആനിക്കാട് നാറാണത്ത് വിജയന്റെ കന്നുകുട്ടി ഒന്നാം സ്ഥാനവും, മടക്കത്താനം പാലത്തിങ്കല്‍ അജേഷ് രാജന്റെ കന്നുകുട്ടി രണ്ടാം സ്ഥാനവും, വാളകം കദളിക്കാട് കെ.എം.പൈലിയുടെ കന്നുകുട്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അയ്യന്‍കോലില്‍ ജോയി ജോസഫ്, കല്ലിങ്കല്‍ കെ.കെ.സിജു, വാണിയംപ്ലാക്കല്‍ വര്‍ക്കി, കടയ്‌ക്കോട് ദേവദാസ് എന്നിവരുടെ കന്നുകുട്ടികള്‍ക്ക് പ്രോത്സാഹന സമ്മേനവും ലഭിച്ചു. കിടാരി വിഭാഗത്തില്‍ കല്ലൂര്‍ക്കാട് പുത്തന്‍പുരയില്‍ സജി ജനാര്‍ദ്ധനന്റെ കിടാരി ഒന്നാം സ്ഥാനവും, വാഴക്കുളം മുതുകുന്നേല്‍ സിബി ജോസിന്റെ കിടാരി രണ്ടാം സ്ഥാനവും, കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ പയസ് ജോസിന്റെ കിടാരി മൂന്നാം സ്ഥാനവും നേടി.

ആനിക്കാട് നാറാണത്ത് വിജയന്‍, കാലാമ്പൂര്‍ കുഞ്ചാട്ട് റസ് ലിം, നാഗപ്പുഴ ആനിക്കുഴിയില്‍ സന്തോഷ്, കല്ലൂര്‍ക്കാട് മുണ്ടയ്ക്കല്‍ ലിപിക ബേബി എന്നിവരുടെ കിടാരികള്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കറവ പശുക്കള്‍ക്കും, നാടന്‍ പശുക്കള്‍ക്കും, കന്നുകുട്ടികള്‍ക്കും, കിടാരികള്‍ക്കും കാലിതീറ്റയും പുല്ലും നല്‍കി. നാടന്‍ പശുക്കള്‍, വെച്ചൂര്‍ പശുക്കള്‍, ജഴ്‌സി, എച്ച്എഫ് വിഭാഗത്തിലെ പശുക്കളെയാണ് പങ്കെടുപ്പിച്ചത്. കല്ലൂര്‍ക്കാട് കോസ്‌മോ പോളിറ്റന്‍ ലൈബ്രറി പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റ്യൻ തന്റെ വിശാലമായ റബര്‍തോട്ടം കന്നുകാലി പ്രദര്‍ശന മത്സരത്തിനായി വിട്ട് നല്‍കിയതിനാല്‍ മൃഗങ്ങള്‍ക്കും, കാണികള്‍ക്കും, സംഘാടകര്‍ക്കും വെയിലേല്‍ക്കാതെ നില്‍ക്കാന്‍ കഴിഞ്ഞു. ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനം ശനിയാഴ്ച മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും.