കൊച്ചി: കാർഷിക രംഗത്തെ വ്യവസായ സാധ്യതകളെക്കുറിച്ച് വിശദമായ അറിവും ശാസ്ത്രീയ പുരോഗതിയും ഉറപ്പാക്കാൻ എറണാകുളത്ത് കാർഷിക വ്യവസായ അക്കാദമി സ്ഥാപിക്കുന്നകാര്യം സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമവേദിയായ അസെന്റ് 2020 ൽ കാർഷിക ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അഭിവൃദ്ധിക്കുതകുന്ന ഏത് തരം വ്യവസായങ്ങളെയും പ്രാത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്ന് വ്യക്തമാക്കിയ മന്ത്രി പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരു പോലെ സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കൂട്ടിച്ചേർത്തു. പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി. മോഡൽ) പദ്ധതികൾക്ക് സർക്കാർ പ്രാമുഖ്യം നൽകും.

റബ്ബർ മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സിയാൽ മാതൃകയിൽ റബ്ബർ അധിഷ്ഠിത കമ്പനി സ്ഥാപിക്കും. മുഖ്യമന്ത്രി ചെയർമാനായുള്ള പദ്ധതി ആറ് മാസത്തിനുളളിൽ യാഥാർത്ഥ്യമാകുമെന്നും വ്യവസായ വകുപ്പ് മന്ത്രി അറിയിച്ചു. കെ.എസ്.ഐ.ഡി. സിക്ക് 26 ശതമാനം ഓഹരിയുള്ള കമ്പനിയിൽ കർഷകർ, പഞ്ചായത്ത്, സഹകരണ സംഘങ്ങൾ എന്നിവർക്കും ഓഹരി പങ്കാളിത്തം ഉണ്ടാകും. കേരളത്തിൽ നിലവിൽ വരുന്ന മൂന്ന് റൈസ് പാർക്കുകളും നിക്ഷേപ പങ്കാളിത്തമുള്ള കമ്പനികളായിരിക്കും. നാളികേര വ്യാപനത്തിന് സർക്കാർ വിപുലമായ പദ്ധതികൾ നടപ്പാക്കി വരികയാണ്. കാഞ്ഞാങ്ങാട് കോക്കനട്ട് പാർക്കിൽ സംരംഭകർക്ക് രണ്ട് ഏക്കർ ഭൂമി വീതം ലഭ്യമാക്കും. നാളികേര അധിഷ്ഠിത വ്യവസായങ്ങൾക്ക് പാർക്കിൽ വലിയ സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വയനാട് കാപ്പി കൃഷി അടക്കം സംസ്ഥാനത്തെ കാർഷിക മേഖലയിൽ സമഗ്രമായ പുരോഗതി ഉറപ്പാക്കുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കിൻഫ്രയുടെ പാലക്കാട് ജില്ലയിലെ മെഗാ ഫുഡ് പാർക്ക് മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് ചർച്ചയിൽ പങ്കെടുത്ത കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് പറഞ്ഞു. ഫുഡ് പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ കർഷകരെയും ഭക്ഷ്യ സംസ്കരണ വ്യവസായികളെയും ഏകോപിപ്പിച്ചുള്ള കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ശിവദാസ് ബി. മേനോൻ , എബ്രഹാം ജെ. തരകൻ, ഹിജാസ് അലി റാസ, വിവിധ കർഷകർ, സംരംഭകർ, പ്രവാസി വ്യവസായികൾ എന്നിവർ പങ്കെടുത്തു.