സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ വർണാഭമായ തുടക്കം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, പുന്നല ശ്രീകുമാർ, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ്ജ്, ചിന്ത ജെറോം, എന്നിവർ ചേർന്ന് മേളയുടെ ഉത്ഘാടനം നിർവഹിച്ചു. പാർശ്വവത്കരിക്കപ്പെട്ട ഇന്ത്യയുടെ ചരിത്രം പുറത്തു വന്നിട്ടില്ലെന്നും സംസ്‌കാരം എന്നത് കാർഷികവൃത്തിയിൽ നിന്ന്  വന്നതാണെന്നും പെരുമ്പടവം ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായ ചടങ്ങിൽ സാക്ഷരാതാമിഷൻ ഡയറക്ടർ ഡോ: പി.എസ്. ശ്രീകല സ്വാഗതവും കെ. അയ്യപ്പൻ  നായർ നന്ദിയും പറഞ്ഞു.

മൂന്ന് ദിവസം  അഞ്ച് വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളും ട്രാൻസ്‌ജെന്റേഴ്‌സുമുൾപ്പെടെ രണ്ടായിരത്തിലധികം  പഠിതാക്കൾ 14 ജില്ലകളിൽ നി ന്ന് പങ്കെടുക്കും. മേളയോടനുബന്ധിച്ച് വിവിധ പ്രദർശനങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മേളയ്ക്ക് മുന്നോടിയായി വർണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്ര മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച് യൂണിവേഴ്‌സിറ്റി കോളേജിൽ സമാപിച്ചു.