കാക്കനാട് : ജില്ലയിൽ 31-ാമത് റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി. കളക്ടറേറ്റ് പ്ലാനിങ് കോൺഫറൻസ് ഹാളിൽ ഹൈബി ഈഡൻ എം പി വാരാചരണം ഉദ്ഘാടനം ചെയ്തു.
നിസ്സാരമായി കാണുന്ന പല കാര്യങ്ങളും ജീവൻ വില കൊടുക്കേണ്ട സ്ഥിതിയിലേക്കെത്തിക്കും. ചെറിയ കാര്യം ശ്രദ്ധിച്ചാൽ അപകടം തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നിയമം പാലിക്കുന്നവർക്ക് അല്ലാത്തവർ ബാധ്യതയാവും. അടിസ്ഥാന പൗരബോധം എല്ലാവർക്കുമുണ്ടാകണം.

ചെറുപ്പക്കാർക്കിടയിലെ ബോധവൽക്കരണത്തിന് വളരെ പ്രാധാന്യമുണ്ട്.
നിയമനിർമാണ സഭകളിൽ നിയമമുണ്ടാക്കുന്നതിനും ഉദ്യോഗസ്ഥർ അത് നടപ്പാക്കുന്നതിനുമപ്പുറം സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണ്.
റോഡ് നല്ലതാണെങ്കിലും അപകടമുണ്ടാവാറുണ്ട്.
നിർദ്ദേശങ്ങൾ പാലിക്കുകയാണ് പ്രധാനം. നിയമങ്ങളും മുന്നറിയിപ്പുകളും പാലിക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഷംനാദ് എസ്. മുഖ്യപ്രഭാഷണം നടത്തി.

ജോയൻറ് ആർ ടി ഒ കെ. ആർ.സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. എൻഫോഴ്സ്മെൻറ് ആർടിഒ ജി.അനന്തകൃഷ്ണൻ, ഐഎംഎ കൊച്ചി സെക്രട്ടറി ശാലിനി സുധാകരൻ, ജോയൻറ് ആർ ടി ഒ മാരായ കെ.സി.ആൻറണി, ജെബി ഐ. ചെറിയാൻ, കെ.മനോജ് തുടങ്ങിയവർ സംസാരിച്ചു.

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കമൽ ബാബു, പ്രസന്നകുമാർ എന്നിവർ ബോധവൽകരണ ക്ലാസ്സെടുത്തു.

മോട്ടോർ വാഹന നിയമ ഭേദഗതി നിലവിൽ വന്ന ശേഷമുള്ള ആദ്യ വാരാചരണമാണിത്.