മുളന്തുരുത്തി: വീടില്ലാത്തവർക്ക് വീട് ലഭിക്കുന്നത് വികസനത്തിന്റെ നേർ സാക്ഷ്യമാണെന്ന് എം.എൽ.എ അനൂപ് ജേക്കബ്ബ്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിൽ വീട് ലഭിച്ചവരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിലായി 276 ഗുണഭോക്താക്കൾക്കാണ് വീട് ലഭിച്ചത്.
ലൈഫ് പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് ജീവനോപാധികൾ ഉറപ്പാക്കുന്ന വിവരശേഖരണമാണ് കുടുംബ സംഗമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ എം.എൽ.എ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കുടുംബങ്ങൾക്ക് ജീവനോപാധികൾ ലഭ്യമാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈഫ് മിഷൻ എറണാകുളം ജില്ലാ കോഓഡിനേറ്റർ ഏണസ്റ്റ് തോമസ് പദ്ധതി വിശദീകരണം നിർവ്വഹിച്ചു. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് ലഭ്യമാക്കുന്നതിനായി ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ 13000 അപേക്ഷകരാണ് ഉള്ളത്. മൂന്നാം ഘട്ടത്തിൽ ജില്ലയിൽ ഏഴ് പദ്ധതികൾ സർക്കാർ നേരിട്ട് നടപ്പാക്കുമെന്നും ജില്ലാ കോഓഡിനേറ്റർ അറിയിച്ചു.
ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വിലക്കുറവിൽ വിവിധ ഗൃഹനിർമ്മാണ വസ്തുക്കളും ഉപകരണങ്ങളും ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധ കമ്പനികളുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ഗുണഭോക്താക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ സാക്ഷ്യപത്രങ്ങളുമായി പ്രസ്തുത കമ്പനികളുടെ അംഗീകൃത ഏജൻസികളെ സമീപിച്ചാൽ സിമെന്റ് മുതൽ സാനിറ്ററി ഉപകരണങ്ങൾ വരെയുള്ള വിവിധ ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാകും.
ലൈഫ് പദ്ധതിയുടെ ഭാഗമായി സുസ്ഥിര ജീവനോപാധികൾ ഒരുക്കുന്നതിനായുള്ള കുടുംബങ്ങളുടെ സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണത്തിനും കുടുംബ സംഗമങ്ങളിലൂടെ തുടക്കമാവുകയാണെന്നും ഏണസ്റ്റ് തോമസ് അറിയിച്ചു. വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ അർഹതയുടെ അടിസ്ഥാനത്തിൽ ഈ കുടുംബങ്ങൾക്ക് ലഭ്യമാക്കും. ലൈഫ് പദ്ധതിക്കായി ജില്ലയിൽ മൂന്ന് ഏക്കർ ഭൂമി സുമനസ്സുകൾ സർക്കാരിന് കൈമാറിയിട്ടുണ്ട്.
ഗുണഭോക്താക്കൾക്ക് വിവിധ സർക്കാർ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാനും അവ ലഭ്യമാക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ കുടുംബ സംഗമത്തിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജി മാധവൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസ്സി പീറ്റർ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോൺ ജേക്കബ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി ജനകൻ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ട്രീസ ജോസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗൗതമൻ ടി.സത്യപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധ രാജേന്ദ്രൻ, ജയൻ കുന്നേൽ, ഇന്ദിര ധർമ്മരാജൻ, ടി.കെ മോഹനൻ, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.