കൊച്ചി: വിദ്യാഭ്യാസം വർധിക്കുന്നതിനനുസരിച്ച് മാനവികതയും വർധിക്കണമെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ് അനിവാര്യമെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. സംസ്ഥാന തല സ്കോൾ കേരള ദിനാഘോഷം എറണാകുളം ഗവ. എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം വിവരശേഖരണമല്ല വിദ്യാഭ്യാസം. വിവരശേഖരണം പ്രാഥമിക തലം മാത്രമാണ്. ശേഖരിക്കുന്ന വിവരങ്ങൾ അറിവുകളാക്കി മാറ്റണം. മനനവും അന്വേഷണവുമാണ് പഠനത്തിന്റെ ഭൂമിക.

വിദ്യാഭ്യാസ നിലവാരം വർധിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങൾ ഓർമ്മിപ്പിക്കേണ്ടി വരുന്ന കാലമാണിത്. മറ്റുള്ളവരുടെ വേദന തിരിച്ചറിയുകയും ആ വേദന ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് യഥാർഥ വിദ്യാഭ്യാസം നേടി എന്നു പറയാൻ കഴിയുക. വിദ്യാഭ്യാസത്തിന്റെ ദാർശനിക തലം ആണ് മനസിലാക്കേണ്ടത്. ആർജിക്കുന്ന അറിവുകൾ ഉപയോഗിച്ച് മനുഷ്യനിലുള്ള മാനവികമല്ലാത്ത ഭാവങ്ങളെ ഇല്ലാതാക്കുകയാണ് വേണ്ടത്. ജനകീയത, ആധുനികത, മാനവിക എന്നീ മൂന്ന് ആശയങ്ങളുടെ പരസ്പര ലയനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.

പഠനം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പ്രവൃത്തിയാണ്. സ്വരൂപിക്കുന്ന അറിവുകൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകണം. പരീക്ഷകളിൽ ജയിക്കാൻ മാത്രമല്ല ജീവിക്കാനും പഠിക്കണമെന്ന് മന്ത്രി പറഞ്ഞു.

വിദൂര വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും ഓപ്പൺ സ്കൂൾ ശൃംഖലകളും പ്രചരിപ്പിക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സർക്കാർ രൂപീകരിച്ച സ്ഥാപനമാണ് സ്കോൾ കേരള. ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്ക് പഠനം സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ. വിവിധ കോഴ്സുകൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്കോൾ – കേരള വൈസ് ചെയർമാൻ ഡോ.കെ. മോഹൻകുമാർ പറഞ്ഞു.

എസ്. ആർ.വി. സ്കൂളിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. സ്കൂളിലെ ശോചനീയാവസ്ഥയിലുള്ള ഡോ.കെ. കസ്തൂരി രംഗൻ ശാസ്ത്ര സാങ്കേതിക മ്യൂസിയവും മന്ത്രി സന്ദർശിച്ചു. മ്യൂസിയത്തിന്റെ പുനരുദ്ധാരണത്തിനായി വിശദമായ പദ്ധതി സമർപ്പിക്കാൻ സ്കൂൾ അധികൃതർക്ക് മന്ത്രി നിർദേശം നൽകി.

സ്കോൾ കേരള എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എം. ഖലീൽ, സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, എസ്.ആർ.വി. സ്കൂൾ പ്രിൻസിപ്പാൾ എ.എൻ. ബിജു തുടങ്ങിയവർ പങ്കെടുത്തു.