കൊച്ചി: സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച കുടുംബങ്ങളുടെ അപൂർവ്വ സംഗമ വേദിയായി ഏലൂർ നഗരസഭയിൽ സംഘടിപ്പിച്ച ലൈഫ് മിഷൻ കുടുംബ സംഗമം. ചെറുതെങ്കിലും ഒരു കുഞ്ഞു വീട് എന്ന സ്വപ്നവുമായി ജീവിച്ച കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിയിലൂടെയാണ് വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്. ഏലൂർ നഗരസഭ കൃഷിഭവൻ അങ്കണത്തിൽ വച്ച് നടന്ന ലൈഫ് മിഷൻ കുടുംബസംഗമം ഏലൂർ നഗരസഭ ചെയർപേഴ്സൺ സി പി ഉഷ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വിവിധ വാർഡുകളിലായി ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂർത്തീകരിച്ച 133 ഗുണഭോക്താക്കളുടെ കുടുംബസംഗമമാണ് നടത്തിയത്.

‘ഹരിതഭവനം’ എന്ന പേരിൽ നഗരസഭയിൽ മികച്ച രീതിയിൽ പണിപൂർത്തിയാക്കിയ ഏറ്റവും നല്ല വീടിനുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തി. രണ്ടാം വാർഡിലെ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവായ ബിന്ദു എം ആർ നഗരസഭ ചെയർപേഴ്സൺ സി പി ഉഷയിൽ നിന്നും നിന്നും സമ്മാനം ഏറ്റുവാങ്ങി. 10,000 രൂപയാണ് ഏറ്റവും നല്ല ഗുണഭോക്താവിന് സമ്മാനമായി നൽകിയത്.

ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് സി തോമസ് മുഖ്യാതിഥിയായ ചടങ്ങിൽ വൈസ് ചെയർമാൻ എം എ ജയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സതീഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രമതി കുഞ്ഞപ്പൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിസ വേണു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുജിൻ, ലൈഫ്മിഷൻ ഗുണഭോക്താക്കളായ കുടുംബങ്ങൾ ഞങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.