മൂവാറ്റുപുഴ: വീടെന്ന  സ്വപ്നം സാക്ഷാത്കരിച്ചവരുടെ അപൂർവ സംഗമ വേദിയായി ലൈഫ് മിഷൻ കുടുംബ സംഗമം. സംസ്ഥാന സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിയിലൂടെ മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ വീട് യാഥാർത്ഥ്യമാക്കിയവരുടെ  സംഗമമാണ് ശ്രദ്ധേയമായത്. നഗരസഭയുടെ വിവിധ വാർഡുകളിലായി 220 ഗുണഭോക്താക്കളാണ്  പദ്ധതിയിലൂടെ വീട് യഥാർത്ഥ്യമാക്കിയത്.  നഗരസഭാ ടൗൺ ഹാളിൽ നടന്ന സംഗമം മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു.
വയോമിത്രം പദ്ധതിയുടെ അവാർഡ് ദാനം വൈസ് ചെയർമാൻ പി.കെ. ബാബുരാജ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം.എ.സഹീർ, ഉമാമത്ത് സലീം, പി.വൈ. നുറുദ്ദീൻ, പി.പി. നിഷ, കൗൺസിലർമാരായ ബിനീഷ് കുമാർ, ഷൈലജ അശോകൻ, വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വീടെന്ന  സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന വെല്ലുവിളി ലൈഫ് പദ്ധതിയിലൂടെ മറികടന്നവർ  ആഹ്ലാദം പങ്കിടുന്ന മുഹൂർത്തം കൂടിയായി കുടുംബ സംഗമം മാറി.  സംഗമത്തിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ പ്രവർത്തിച്ചതും പ്രശംസ പിടിച്ചു പറ്റി. തദ്ദേശ സ്വയം ഭരണം, സിവിൽ സപ്ലൈസ് കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, തൊഴിലുറപ്പ്, വ്യവസായം, പട്ടികജാതി-വർഗ്ഗം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളാണ് സംഗമത്തിലെത്തിയവർക്ക് വിവിധ സേവനങ്ങൾ നൽകിയത്.