ലൈഫ് മിഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: ആന്റണി എം.പി 
പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ മല്ലപ്പള്ളി ബ്ലോക്കില്‍ 255 കുടുംബങ്ങള്‍ക്ക്   വീടുകള്‍ ലഭിച്ചുവെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബസംഗമം മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണു കേരളത്തിന്റെ വികസനത്തിനു കാരണം. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ഒന്നിച്ചുള്ള ശ്രമഫലത്തിനുദാഹരണമാണു ബ്ലോക്കിലെ 255 വീടുകള്‍. ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വപ്നമാണു സ്വന്തമായി ഒരു ഭവനം. അവ സാധ്യമാക്കുന്ന ലൈഫ് മിഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ആനിക്കാട് പഞ്ചായത്തിലെ ലൈസാമ വെള്ളക്കല്ലിന് വീടിന്റെ താക്കോല്‍ നല്‍കി താക്കോല്‍ദാനവും എം പി നിര്‍വഹിച്ചു. പത്തനംതിട്ട പ്രൊജക്ട് ഡയറക്ടര്‍ എന്‍ ഹരി വിഇഒ മാരേയും ഗ്രാമ പഞ്ചായത്തുകളേയും ആദരിച്ചു.
കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തതോടെ സംഘടിപ്പിച്ച അദാലത്തിലൂടെ നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാത്യു ടി തോമസ് എംഎല്‍എ,  ലൈഫ്മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.റെജി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്.വി സുബിന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേല്‍, റെജി ചാക്കോ, എലിസബത്ത് മാത്യു, തോമസ് മാത്യു, എം.എസ് സുജാത, കെ രാധാകൃഷ്ണകുറുപ്പ്, ബിന്ദു ദേവരാജന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ ഓമന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് മനുഭായി മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.