പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം – മന്ത്രി എ.സി മൊയ്തീൻ

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ‘ശുചിത്വസംഗമം 2020’ നോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ബദൽ ഉത്പന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

22 വരെയാണ് മേള. ആരോഗ്യപരമായ ജീവിതത്തിനും, മണ്ണും ജീവജാലങ്ങളും രക്ഷിക്കാനും ഇത് അനിവാര്യമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. ആദ്യഘട്ട ബോധവത്കരണത്തിനു ശേഷമാകും ഇത്.

എല്ലാ മാലിന്യങ്ങളും ഒരു ദുർഗന്ധവുമില്ലാതെ സംസ്‌കരിക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി പദ്ധതികളുണ്ട്. ഇത്തരത്തിൽ വികേന്ദ്രീകൃത പ്ലാൻറുകളും എട്ടു കേന്ദ്രീകൃത പ്ലാൻറുകളും വരുന്നുണ്ട്. കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യത്തിൽനിന്ന് ഊർജ്ജമുത്പാദിപ്പിക്കുന്ന പ്ലാൻറ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തിരുന്നു.

മാലിന്യത്തിൽനിന്ന് ഊർജ്ജം മാത്രമല്ല, മൂല്യവർധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാവുന്നവിധം സാങ്കേതികവിദ്യ വളർന്നിട്ടുണ്ട്. പണ്ടുകാലത്തെപ്പോലെ സ്വന്തം നാട്ടിൽ മാലിന്യപ്ലാൻറ് വന്നാൽ പ്രശ്നമാകുമെന്ന ഭയം മാറ്റാൻ ജനങ്ങൾ തയാറാകണം.

പ്ലാസ്റ്റിക് നിരോധനം യാഥാർഥ്യമായതോടെ നിരവധി ബദലുകൾ ഉയർന്നുവരുന്നുണ്ട്. ഇത്തരം സംരംഭങ്ങൾ നിരവധി തൊഴിലവസരങ്ങളും വളർത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദലി, ക്ലീൻ കേരള കമ്പനി എം.ഡി പി. കേശവൻ നായർ, തദ്ദേശസ്വയംഭരണ കമ്മീഷൻ ചെയർമാൻ ഡോ. സി.പി വിനോദ്, കേരള ഓട്ടോമൊബൈൽസ്് എം.ഡി എ. ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ സ്വാഗതവും കൺസൾട്ടൻറ് എസ്.യു. സഞ്ജീവ് നന്ദിയും പറഞ്ഞു.

ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്ഥാപനങ്ങളെയും ഈരംഗത്ത് ദേശീയതലത്തിലെ വിദഗ്ധരെയും പങ്കെടുപ്പിച്ച് 21, 22 തീയതികളിൽ ശുചിത്വസംഗമം നടത്തുന്നതിന് മുന്നോടിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും മാലിന്യ സംസ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിദ്യകളും പ്രവർത്തന മാതൃകകളും ഉത്പന്നങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 120 ഓളം സംരംഭകരാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.