പാമ്പാക്കുട: ലൈഫ് മിഷന് കീഴിൽ കൂട്ടായ പരിശ്രമത്തിലൂടെ ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടൊരുക്കുന്നത് സാമൂഹ്യ പുരോഗതിക്ക് ആക്കംകൂട്ടുമെന്ന് എം.എൽ.എ അനൂപ് ജേക്കബ്ബ് പറഞ്ഞു.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ലൈഫ് മിഷന് കീഴിൽ ഭവനരഹിതർക്ക് വീടൊരുക്കുന്നതിൽ വലിയ പുരോഗതി കൈവരിക്കാൻ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചതായി കുടുംബ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ പറഞ്ഞു.

പാമ്പാക്കുട ബ്ലോക്കിൽ 284 കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടൊരുക്കിയത്. പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പഞ്ചായത്തുകളിലെ ഗ്രാമസേവകന്മാരുടെ സേവനം പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അർഹമായ വിവിധ സർക്കാർ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി വിവിധ വകുപ്പുകളുടെ 23 കൗണ്ടറുകൾ അദാലത്തിൽ ഉണ്ടായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. എൻ വിജയൻ, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ്, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മിനികുമാരി, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജയ ബിജു മോൻ, വി.സി കുര്യാക്കോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.കെ കുട്ടപ്പൻ, രമ കെ. എൻ, ബിന്ദു സിബി, സന്തോഷ് കോരപ്പിള്ള, കെ.ജി ഷിബു, ലില്ലി ജോയി, ജിൻസൺ വി. പോൾ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ട്രീസ ജോസ്, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സാബു കെ. മർക്കോസ് എന്നിവർ പ്രസംഗിച്ചു.