ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നും ഇത് ഉറപ്പാക്കുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്നും ദേവസ്വം- ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മതങ്ങളും, വിവിധ സംസ്‌കാരങ്ങളും, വിവിധ ആചാരങ്ങളും, വിവിധ വേഷങ്ങളും, വിവിധ ഭാഷകളും കൂടി ചേരുന്നതാണ് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ നല്‍കുന്ന കെട്ടുറപ്പാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്നത് എക്കാലവും നമ്മുടെ പ്രചോദനമായിരിക്കണം. എന്നാല്‍, ഇന്ന്  ഭരണഘടനയെ അട്ടിമറിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍  ഭരണഘടനയുടെ കാവലാളുകളായി നാം ഓരോരുത്തരും മാറണം. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലയുറപ്പിക്കുമെന്ന്  റിപ്പബ്ളിക് ദിനത്തില്‍ ഓരോ വ്യക്തിയും പ്രതിജ്ഞയെടുക്കണം.
സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളികളാക്കി മുഖ്യധാരയില്‍ എത്തിക്കാന്‍ ഇനിയും നമുക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരും. നമ്മുടെ രാജ്യത്തെ മതേരതരത്വം മറ്റ് ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയായി മാറിയതാണ്. മതേതരത്വത്തിന് എതിരെയുള്ള ഏത് വെല്ലുവിളിയെയും നമുക്ക് ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ. ”ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നിടത്തോളം മാത്രമേ ഒരു നിയമത്തിന്റെ പവിത്രത നിലനില്‍ക്കുകയുള്ളൂ” എന്ന് ധീരരക്തസാക്ഷി ഭഗത് സിംഗ് പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ തച്ചുതകര്‍ത്ത് ഈ നാട്ടില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പുതിയ നിയമങ്ങള്‍ക്ക് എന്ത് പവിത്രതയാണ് ഉള്ളതെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗോപാലകൃഷണ ഗോഖലെ പറഞ്ഞത് പോലെ ”നമ്മള്‍ ഹിന്ദുക്കളും മുഹമ്മദീയരും ക്രിസ്ത്യാനികളും ആണെന്നതിനപ്പുറം പ്രാഥമികമായ യഥാര്‍ഥ്യം നമ്മള്‍ ഇന്ത്യക്കാരാണ് എന്നതാണ്”. എന്നാല്‍, ഇന്ന് ഇന്ത്യക്കാരന്‍ എന്ന വികാരത്തിന് മുകളില്‍ ജാതിമതവര്‍ഗീയ വികാരങ്ങള്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ഒന്നായി നിന്ന് പരാജയപ്പെടുത്തേണ്ടത് ഇന്ത്യ എന്ന ആശയത്തോടുള്ള നമ്മുടെ കൂറ് പുലര്‍ത്തല്‍ കൂടിയാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടു കൂട. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായാല്‍ അത് നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് തന്നെ പ്രതിബന്ധം സൃഷ്ടിക്കും.  സൗഹാര്‍ദവും സാഹോദര്യവും സമാധാനവും പുലരുന്ന ഐശ്വര്യപൂര്‍ണമായ ഭാരതം എന്ന സ്വപ്നം തകര്‍ക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും അതിനെ ചെറുക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ രാജ്യത്തിന്റെ പരമോന്നത നിയമസംഹിത നിലനിര്‍ത്താനും, സമഭാവനയോടെ എല്ലാവരെയും കാണാനും, വര്‍ഗീയ – വിഭാഗീയ ചിന്തകളെയും, ഭീകരവാദ പ്രവര്‍ത്തനങ്ങളെയും നേരിടുന്നതിനും പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോകുകയാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടാതെ കാത്തുസംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്  നിറവേറ്റിയേ മതിയാകൂ. എല്ലാവിഭാഗം ജനങ്ങള്‍ക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് കേരളത്തില്‍ നാം കൈക്കൊണ്ടിട്ടുള്ളത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക വകുപ്പ് ആരംഭിച്ചതും അവരുടെ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനമൊരുക്കിയതും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തിനുപരിയായി ബജറ്റ് വിഹിതം ഏര്‍പ്പെടുത്തിയതും തൊഴില്‍ മേഖലയില്‍ അവരുടെ പ്രതിനിധ്യം വര്‍ധിക്കുംവിധം  പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയതും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനുതകുംവിധം വിപണിയില്‍ ഇടപെടുന്നതും ഒക്കെ സാമൂഹികവും സാമ്പത്തികവുമായ നീതി നമ്മുടെ സംസ്ഥാനത്ത് ഉറപ്പുവരുത്താനാണ്.
സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കൃത്യമായി നല്‍കുന്നതും അത്യാവശ്യ ഘട്ടങ്ങളില്‍ വേണ്ട സഹായങ്ങളെത്തിക്കാന്‍ വലിയതോതില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതും സംസ്ഥാനത്ത് വലിയ സാധ്യതയുള്ള ഐടി-ടൂറിസം മേഖലകളില്‍ വന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതും പൊതുമേഖലയെ സംരക്ഷിക്കുന്നതുമെല്ലാം ഈ സമീപനത്തിന്റെ ഭാഗമായാണ്.
സുസ്ഥിരവും സമഗ്രവുമായ വികസനം ഉറപ്പുവരുത്തുന്നതിനോടൊപ്പം വിഭവങ്ങളുടെ നീതിപൂര്‍വമായ പങ്കുവെയ്ക്കല്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കി വരുന്നത്. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയെ തന്നെ അതിലൂടെ പുരോഗമനപരമായി പരിവര്‍ത്തനം ചെയ്യാനാണ് നാം ശ്രമിക്കുന്നത്.
ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരെ ദേവസ്വം ബോര്‍ഡിനു കീഴിലെ അമ്പലങ്ങളിലെ ശാന്തിക്കാരായി നിയമിച്ചത് അത്തരമൊരു കാഴ്ചപ്പാടിന്റെ ഫലമായാണ്.
സര്‍ക്കാര്‍ സ്‌കൂളുകളുടെ നഷ്ടപ്രതാപം നമ്മള്‍ വീണ്ടെടുത്തു. ലക്ഷക്കണക്കിന് കുട്ടികള്‍ കൂടുതലായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കടന്നുവരുന്നു. അവരുടെ ഭാവി അവിടെ ഭദ്രമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇത് വലിയൊരു മാറ്റമാണ്. ബദല്‍ ഇല്ല എന്ന് പലരും പറയുന്നിടത്ത് കേരളം മുമ്പോട്ടുവയ്ക്കുന്ന, രാജ്യത്തിനാകെ മാതൃകയാകുന്ന ബദലാണിത്.
പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതും ജലസ്രോതസുകള്‍ നവീകരിക്കുന്നതും വിഷമുക്തമായ പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതും ആരോഗ്യപരിരക്ഷ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുന്ന വിധം പൊതുജനാരോഗ്യ സംവിധാനം നവീകരിക്കുന്നതും ഭവനരഹിതര്‍ക്ക് വീടും ജീവിതോപാധിയും നല്‍കുന്നതും മറ്റും അതത് രംഗങ്ങളിലെ ബദലുകള്‍ തന്നെയാണ്. ഇവയൊക്കെത്തന്നെ രാഷ്ട്രത്തിനാകെ മാതൃകയാവുന്നു എന്നതില്‍ കേരളീയര്‍ക്കാകെ അഭിമാനിക്കാം.
കഴിഞ്ഞ 44 മാസങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പാക്കാനും, വലിയ വെല്ലുവിളികള്‍ നേരിടാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.  ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ദുരിതഫലങ്ങളെ അതിവേഗം അതിജീവിക്കുകയാണ് നമ്മുടെ സംസ്ഥാനം. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലൂടെ  എല്ലാ മേഖലകളിലും കേരളത്തെ കാര്യക്ഷമമായി പുനര്‍നിര്‍മ്മിച്ച് നവകേരളം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യം  ചുരുങ്ങിയ സമയത്തിനുള്ളില്‍ നിറവേറ്റും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന് താങ്ങായും, നാടിന്റെ വികസനത്തിനായും ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകള്‍ സമയബന്ധിതമായി മുന്നോട്ട് നീങ്ങുകയാണ്.  വീടില്ലാത്തവര്‍ക്കെല്ലാം  വീടും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും, മാലിന്യ നിര്‍മാര്‍ജ്ജനവും, മികച്ച ആരോഗ്യ പരിപാലനവും  നവകേരള മിഷനുകളിലൂടെ ലക്ഷ്യമിടുന്നു.
കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ഒരു ചെറിയ ഇടവേളയിലൊഴികെ പൊതുവേ ഇക്കാലത്താകെ ഈ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ നമുക്കു കഴിഞ്ഞു എന്നതാണ്. ഇതൊരു ചെറിയ കാര്യമല്ല. നമ്മുടെ അയല്‍ രാജ്യങ്ങള്‍ പലതും ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് പട്ടാളഭരണത്തിലേക്കു വഴുതിവീഴുന്നതു നാം കണ്ടു.
ജനാധിപത്യത്തെ കൈയ്യൊഴിഞ്ഞ് മതാധിപത്യ ഭരണത്തിനുവേണ്ടിയുള്ള മുറവിളികള്‍ അവിടങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും ശക്തമാവുന്നതു നമ്മള്‍ കണ്ടു. സാമ്രാജ്യത്വത്തിന്റെ പാവ ഭരണങ്ങളാല്‍ ജനാധിപത്യ സര്‍ക്കാരുകള്‍ പകരം വയ്ക്കപ്പെടുന്നതും നമ്മള്‍ കണ്ടു. എന്തൊക്കെ പോരായ്മകള്‍ ഏതൊക്കെ തലത്തിലുണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ നിഷ്‌കര്‍ഷ വെച്ചു. ആ നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിക്കുകയും ചെയ്തു.
സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ട നമ്മുടെ ഇന്ത്യ നിരവധി പരീക്ഷണങ്ങളെ നേരിട്ട്, വിവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിചേര്‍ന്നത്. 1950 ജനുവരി 26 ന് നമ്മുടെ മഹാരാജ്യം റിപ്പബ്ളിക് ആയി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പ് നല്‍കുന്ന വ്യവസ്ഥിതിയുടെ പ്രഖ്യാപനമാണ് ഉണ്ടായത്.
നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം എഴുതിയിരിക്കുന്നത് ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമാണെന്നാണെന്നും മന്ത്രി പറഞ്ഞു. പരേഡില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. മികച്ച പോലീസ് സ്റ്റേഷനുള്ള ഫലകം പത്തനംതിട്ട പോലീസ് സ്റ്റേഷന് സമ്മാനിച്ചു.
വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അലക്‌സ് പി തോമസ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, പത്തനംതിട്ട നഗരസഭാധ്യക്ഷ റോസ്‌ലിന്‍ സന്തോഷ്, നഗരസഭാ വൈസ് ചെയര്‍മാന്‍ എ. സഗീര്‍,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പത്തനംതിട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിന്ധു അനില്‍, ജാസിം കുട്ടി, റോഷന്‍ നായര്‍, പി.കെ അനീഷ്, അന്‍സാര്‍ മുഹമ്മദ്, റജീനാ ബീവി, സുശീലാ പുഷ്പന്‍, സജിനി മോഹന്‍, ബീനാ ഷരീഫ്, നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ രജനി പ്രതീപ് , എ.സുരേഷ് കുമാര്‍,  നഗരസഭാ സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.