കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലോട് – ബ്രൈമൂർ റോഡ് ഉദ്ഘാടനം പെരിങ്ങമ്മല ഗാർഡ് ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. സംസ്ഥാനത്ത് കൂടുതൽ തുക ചെലവിട്ട് ബലിഷ്ഠവും വീതി കൂടിയതും സുന്ദരവുമായ റോഡുകൾ നിർമ്മിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം പ്രാധാന്യമുള്ള മങ്കയം വെള്ളച്ചാട്ടം, പൊന്മുടിയുടെ താഴ് വരയിലെ ബ്രൈമൂർ മേഖല എന്നിവയുടെ വികസനത്തിന് ഇത് ഏറെ പ്രയോജനകരമാകും. 49.69 കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചത്. 15 കിലോമീറ്റർ ദൂരമാണ് നവീകരിച്ചത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് ചെറു പാലങ്ങളും 22 കലുങ്കുകളും പുനർനിർമ്മിച്ചു.
ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയും ഓടകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി. വാട്ടർ അതോറിറ്റി പൈപ്പുകളും കെ.എസ്.ഇ.ബി. പോസ്റ്റുകളും റോഡിനനുസൃതമായി മാറ്റി സ്ഥാപിച്ചു. 1.5 കിലോമീറ്റർ റോഡിൽ ഷ്രഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ അഡ്വ.ഡി.കെ.മുരളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ , നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്ര കുമാരി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.