കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഇന്ത്യൻ സാഹിത്യ വിനിമയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിവർത്തനരത്‌നം പുരസ്‌കാരം പ്രഖ്യാപിച്ചു. 2017 ജനുവരി ഒന്ന് മുതൽ 2018 ഡിസംബർ 31 വരെ മലയാളത്തിൽ നിന്നും ഇന്ത്യൻ ഭാഷകളിലേക്കും തിരിച്ചും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

പ്രൊഫ.സി.ജി രാജഗോപാൽ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത തുളസീദാസന്റെ ‘ശ്രീരാമചരിത മാനസം’ വിവർത്തനരത്ന പുരസ്‌കാരത്തിന്  അർഹമായി. തമിഴിൽ നിന്ന് മലയാളത്തിലേക്ക് ശൈലജ രവീന്ദ്രൻ ‘ചിതാഗ്നി’ എന്ന പേരിൽ വിവർത്തനം ചെയ്ത പെരുമാൾ മുരുകന്റെ ‘പൂക്കുഴി’ എന്ന നോവലിന്റെ പരിഭാഷ  വിവർത്തന രത്‌നം സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായി. ഇരുപത്തിയയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രൊഫ. ജോർജ് ഓണക്കൂർ ചെയർമാനും പ്രൊഫ. സി.ആർ പ്രസാദ്, പ്രൊഫ. ജി. കാർത്തികേയൻ നായർ, പ്രൊഫ. സുജ സൂസൻ ജോർജ്, പ്രമോദ് പയ്യന്നൂർ, റോബിൻ സേവ്യർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ആകെ 34 നോമിനേഷനുകൾ ലഭിച്ചു.