ദേശീയ അന്തർദേശീയ ഷൂട്ടിംഗ് മത്സരങ്ങളിൽ കേരളത്തിലെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കുന്നതിനായി വിദഗ്ധ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കേരള ഷൂട്ടിംഗ് അക്കാദമി ആരംഭിക്കുന്നു.  ഫെബ്രുവരി ഒൻപത് മുതൽ അക്കാദമി പ്രവർത്തിച്ചുതുടങ്ങും.  അക്കാദമിയിൽ പ്രവേശനം ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പത്ത് വയസ്സാണ്.  ഫസ്റ്റ് കം ഫസ്റ്റ് സെർവ് രീതിയിലാണ് പ്രവേശനം.  ഒരു ബാച്ചിൽ 90 പേർക്കാണ് പ്രവേശനം നൽകുന്നത്.

കേരള ഷൂട്ടിംഗ് അക്കാദമിയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് വൈകുന്നേരം ആറിന് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും.  വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, നാഷണൽ റൈഫിൽ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കലികേശ് നാരായൺ സിങ് ദിയോ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
കായികയുവജനകാര്യ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ് സ്വാഗതവും കായികയുവജനകാര്യ വകുപ്പ് അഡീഷണൽ ഡയറക്ടർ അജിത്കുമാർ. ബി കൃതജ്ഞതയും രേഖപ്പെടുത്തും.