കാക്കനാട്: തിരുവൈരാണിക്കുളം മാതൃകയില്‍ ആലുവ ശിവരാത്രി മണപ്പുറത്തും ഇപ്രാവശ്യം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ജില്ല വികസന സമിതി യോഗത്തില്‍ നടന്ന വിവിധ മിഷനുകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. മുളന്തുരുത്തിയില്‍ 350 വീടുകളുള്ള വാര്‍ഡ് ഗ്രീന്‍ വില്ലേജാക്കി മാറ്റുന്ന പ്രവര്‍ത്തനവും ഹരിത കേരള മിഷന്റെ ഭാഗമായി നടന്നു. ഈ വര്‍ഷം 100 കുളങ്ങള്‍ വൃത്തിയാക്കുന്നതിന് ഹരിത കേരളവും ശുചിത്വമിഷനും പദ്ധതി തയാറാക്കുമെന്നും ഹരിത കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ അറിയിച്ചു.
ആര്‍ദ്രം പദ്ധതിക്കു കീഴില്‍ മെഡിക്കല്‍ കോളേജ് ഒപിയുടെ നവീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മാത്യൂസ് നുമ്പേലി അറിയിച്ചു. എറണാകുളം കാര്‍ഡിയോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോളജി എന്നീ സ്ൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ആറ് ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. എട്ടെണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. തൃക്കാക്കര പിഎച്ച്‌സിക്ക് സ്ഥലവും കെട്ടിടവുമില്ലാത്തിനാല്‍ ജോലികള്‍ മുന്നോട്ട നീങ്ങിയിട്ടില്ല.
ലൈഫ് മിഷനു കീഴില്‍ ജില്ലയില്‍ 124 വീടുകള്‍ പൂര്‍ത്തീകരിച്ചതായി കോ-ഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് അറിയിച്ചു. നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത 1460 വീടുകളാണ് ജില്ലയിലുള്ളത്. 137 എണ്ണം റൂഫിന്റെ നിര്‍മ്മാണഘട്ടത്തിലാണ്. 500 വീടുകള്‍ക്ക് തറയിട്ടു കഴിഞ്ഞു. 361 വീടുകള്‍ ലിന്‍ഡല്‍ പൂര്‍ത്തിയാക്കി. 338 വീടുകളുടെ നിര്‍മ്മാണമാണ് ആരംഭിക്കാനുളളത്. കോര്‍പ്പറേഷനില്‍ 111 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ജില്ലയില്‍ 48298 ഭവനരഹിത കുടുംബങ്ങളാണുള്ളത്. 10551 പേര്‍ ഭൂമിയുള്ള ഭവന രഹിതരും 377477 പേര്‍ ഭൂമിയില്ലാത്ത ഭവനഹരിതരുമാണ്. കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനായി 18 സ്‌പോട്ടുകളിലായി 34 ഏക്കറാണ് കണ്ടെത്തിയിട്ടുള്ളത്.
മുവാറ്റപുഴയുടെ വികസനം: അവലോകന യോഗം ചേര്‍ന്നു
കാക്കനാട്: മുവാറ്റുപുഴയുടെ സമഗ്രവികസനവും ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗം സ്പാര്‍ക്ക് ഹാളില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസ്, പൊതുരമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.