കൊല്ലം: ശാസ്താംകോട്ട കായലിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ബി  അബ്ദുല്‍ നാസര്‍ പറഞ്ഞു. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട കായല്‍ വൃത്തിയാക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. വരുന്ന തലമുറയ്ക്ക് കൂടിയുള്ളതാണ് പ്രകൃതിയിലെ ഓരോ ജലാശയങ്ങളും. ഇവയെ  വേണ്ട രീതിയില്‍ പരിപാലിക്കണം.  സേഫ് കൊല്ലം പദ്ധതി വിജയത്തില്‍ എത്തണമെങ്കില്‍ നാട്ടുകാരുടെ പരിപൂര്‍ണ സഹകരണം ഉണ്ടാകണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വള്ളക്കടവില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലാണ് ശുചീകരണം നടത്തിയത്. തടാകത്തില്‍ വളര്‍ന്നുനിന്ന കളകളും മുള്ളന്‍ പോച്ചയും ആഫ്രിക്കന്‍ പായലുകളും നീക്കം ചെയ്തു. തടാകക്കരയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു.
പോലീസ്, ഫയര്‍ ഫോഴ്‌സ്, ശുചിത്വ മിഷന്‍ തുടങ്ങിയ വകുപ്പുകളും കായല്‍ കൂട്ടായ്മയും ശുചീകരണത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി, ജില്ലാ പഞ്ചായത്തംഗം കെ ശോഭന, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നൗഷാദ്, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ, പഞ്ചായത്തംഗം എസ് ദിലീപ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.