തൃശ്ശൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ലക്ഷ്യ പദ്ധതി തൃപ്രയാർ ഡിവിഷനിൽ ആരംഭിച്ചു. വിദ്യാർത്ഥികളുടെ കലാ കായിക സാംസ്‌കാരിക ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യം. പി എസ് സി പരിശീലനം, യോഗ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ്, വ്യക്തിത്വ വികസന ക്ലാസ്, മൈൻഡ് പവർ ട്രയിനിങ്ങ്, നീന്തൽ പരിശീലനം, ഫസ്റ്റ് എയിഡ് പരിശീലനം, കൗൺസിലിങ്ങ്, തുടങ്ങി വിവിധ പരിപാടികളാണ് കുട്ടികൾക്കായി ലക്ഷ്യയിലൂടെ ഒരുങ്ങുന്നത്.

എടത്തുരുത്തി സെന്റ് ആൻസ് കോൺവെന്റിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം മണപ്പുറം ജ്വല്ലറി ഗ്രൂപ്പ് എം ഡി സുഷമ നന്ദകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ ജി എം ജോർജ് ഡി ദാസ്, പഞ്ചായത്ത് മെമ്പർ അമ്പിളി പ്രിൻസ് എന്നിവർ സംസാരിച്ചു.