തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയിലെ പ്രധാന ആരോഗ്യകേന്ദ്രമായ നെടുമങ്ങാട് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരം നാടിന് സമര്‍പ്പിച്ചു.  പത്ത് കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം തിരുവനന്തപുരം ജില്ലയുടെ ആരോഗ്യമേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായി ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി. ദിവാകരന്‍ എം.എല്‍.എ പുതിയ മന്ദിരം നാടിന് സമര്‍പ്പിച്ചു.
മൂന്ന് ശസ്ത്രക്രീയകള്‍ ഒരേ സമയം ചെയ്യാന്‍ സൗകര്യമുള്ള ഓപ്പറേഷന്‍ തിയേറ്ററും നേത്രവിഭാഗം ഓപ്പറേഷന്‍ തിയേറ്ററും ആശുപത്രിയില്‍ നിര്‍മിച്ചതായി അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.  25 ലക്ഷം രൂപ ചെലവില്‍ 11 മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഡയാലിസിസ് യൂണിറ്റും ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള മോര്‍ച്ചറിയും ഡിജിറ്റല്‍ എക്‌സ്‌റേയും സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ ജില്ലാ പഞ്ചായത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ആശുപത്രി കോമ്പൗണ്ടിലെ നവീകരിച്ച റോഡിന്റേയും നടപ്പാതയുടേയും ഉദ്ഘാടനം  നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ എം.എല്‍.എ പാലോട് രവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനാട് ജയന്‍,  വിജു മോഹന്‍, മായാദേവി, ഉഷാ കുമാരി, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖാ വിക്രമന്‍, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഹരികേശന്‍ നായര്‍, ആര്‍. മധു, പി.ആര്‍. സുരേഷ്, കെ. ഗീതാകുമാരി, റഹിയാനത്ത് ബീവി. നഗരസഭാ കൗണ്‍സിലര്‍ ടി. അര്‍ജുനന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിതാ ആര്‍.എല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാര്‍, ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.