* 149 പേർ ആശുപത്രി നിരീക്ഷണത്തിൽ
കേരളത്തിൽ കോവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. നിലവിൽ ആശുപത്രിയിലുള്ളവരുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്ന് മന്ത്രി വ്യക്തമാക്കി.
വിവിധ ജില്ലകളിലായി 1116 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 807 സാമ്പിളുകൾ എൻ. ഐ.വി യിൽ പരിശോധനയ്ക്ക് അയച്ചതിൽ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. വീട്ടിലെ നിരീക്ഷണത്തിൽ കഴിയുന്ന അഞ്ച് വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.
രോഗം സംശയിക്കുന്ന വിദ്യാർത്ഥികൾക്ക് എസ്. എസ്. എൽ. സി പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. ഒമ്പതാം ക്‌ളാസ് വരെയുള്ള പരീക്ഷ മാറ്റി വയ്ക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ പോസിറ്റീവ് കേസ് അറിഞ്ഞയുടൻ വലിയ പ്രവർത്തനമാണ് നടത്തിയത്. കോണ്ടാക്ട് ട്രെയിസിംഗ് കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. ഇതുവരെ പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 270 പേരെയും ദ്വിതീയ സമ്പർക്കത്തിലേർപ്പെട്ട 449 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പ്രാഥമിക സമ്പർക്കത്തിലുള്ള 95 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിലാണുള്ളത്.
രോഗലക്ഷണത്തോടെ ധാരാളം കേസുകൾ വരുന്ന സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടി വരും. ഇതിനായി കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾക്ക് അനുമതി തേടിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സാമ്പിൾ പരിശോധനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
കണ്ണൂർ, എറണാകുളം വിമാനത്താവളങ്ങളിൽ രോഗപരിശോധനയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. നിലവിൽ എയർപോർട്ടിൽ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുമതി ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. അതാത് വിമാനത്താവളങ്ങളിലെ മേലധികാരികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അനുമതി നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാർഡ് മെമ്പർമാരുടേയും ആശാ വർക്കർമാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ സർവയലൻസ് സിസ്റ്റം ശക്തിപ്പെടുത്തും. നഗര പ്രദേശത്ത് റസിഡൻസ് അസോസിസിയേഷനുകളുടെ സഹായത്തോടെ നിരീക്ഷണം നടത്തും.
കുവൈറ്റും, സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സർട്ടിഫിക്കറ്റ് നിഷ്‌കർഷിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കോവിഡ് 19 ആയി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നു വന്നവർ അക്കാര്യം മറച്ചു വച്ചാൽ പബ്ലിക് ഹെൽത്ത് ആക്ടനുസരിച്ച് കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള കോവിഡ് 19 ബാധിച്ചയാളുടെ 90 വയസിന് മുകളിൽ പ്രായമുള്ള രണ്ട് ബന്ധുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നുവയസുകാരന്റെ അമ്മയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. മാസ്‌കിന്റെ വില കൂട്ടുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കോവിഡ് 19 പടരാതിരിക്കാൻ എല്ലാവരുടേയും ആത്മാർത്ഥമായ പിന്തുണ മന്ത്രി അഭ്യർത്ഥിച്ചു.