സാനിറ്റൈസര്‍ ലഭ്യമല്ലെങ്കില്‍ സോപ്പ് ഉപയോഗിക്കാം

പാലക്കാട്: കോവിഡ് 19 ബാധിച്ച രോഗികള്‍, രോഗലക്ഷണമുള്ളവര്‍, പരിചരിക്കുന്നവര്‍/ നേരിട്ട് ബന്ധപെടുന്നവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജലദോഷം, തുമ്മല്‍, ചുമ തുടങ്ങിയവയുള്ളവര്‍ നിര്‍ബന്ധമായും തൂവാല ഉപയോഗിക്കുക. കൊറോണ വൈറസ് ബാധ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌കിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. രോഗം ബാധിച്ചവരും രോഗികളുമായി നേരിട്ട് ഇടപഴകുന്നവരും മാസ്‌ക് ഉപയോഗിച്ചാല്‍ മതിയാകും. മറ്റുള്ളവര്‍ തൂവാലയോ ഷോളോ ഉപയോഗിച്ച് മൂക്കും വായും മറക്കാം. ഉപയോഗിക്കുന്ന തൂവാല അല്ലെങ്കില്‍ ഷാള്‍ വൃത്തിയായി കൈകാര്യം ചെയ്യണം. പൊതുജനങ്ങളെല്ലാവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ കൈകള്‍ വൃത്തിയാക്കുന്നതിന് സാനിറ്റൈസര്‍ ഉപയോഗിക്കാമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും അത് ലഭ്യമാക്കാനാവില്ല. അതിനാല്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകള്‍ കഴുകിയാല്‍ മതി. ഹോട്ടല്‍ പോലുള്ള പൊതുയിടങ്ങളില്‍ ഒരു സോപ്പ് ഉപയോഗിച്ച് എല്ലാവരും കൈ കഴുകുന്ന സാഹചര്യമാണ് ഉള്ളത്. അതിനാല്‍ കഴിയുമെങ്കില്‍ കൈയില്‍ ഒരു ചെറിയ സോപ്പ് സൂക്ഷിക്കുന്നത് നന്നായിരിക്കും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇത്തരം ചെറിയ ചില മുന്‍കരുതലുകള്‍ എടുത്താല്‍ രോഗത്തെ ഒരളവുവരെ നിയന്ത്രിക്കാനാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 
കോവിഡ് 19 : മാസ്‌ക് ധരിക്കുന്നത് എങ്ങനെ?
  • മാസ്‌ക് ധരിക്കുന്നതിന് മുന്‍പ് സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കുക.
  • ആറ് മണിക്കൂറില്‍ കൂടുതല്‍ മാസ്‌ക് ഉപയോഗിക്കാന്‍ പാടില്ല.
  • മൂക്കും വായും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക അല്ലെങ്കില്‍ കെട്ടുക.
  • മാസ്‌ക്കിനും മുഖത്തിനും ഇടയില്‍ വിടവ് ഇല്ല എന്ന് ഉറപ്പുവരുത്തുക.
  • മാസ്‌കില്‍ തൊടരുത്. തൊട്ടാല്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
  • ഈര്‍പ്പമോ നനവോ ഉണ്ടെങ്കില്‍ മാസ്‌ക് ഉടന്‍ മാറ്റുക.
  • ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്. മാസ്‌ക് ഉപയോഗിക്കാനും ശരിയായ രീതിയില്‍ സംസ്‌കരിക്കാനും അറിഞ്ഞിരിക്കണം