പാലക്കാട് ജില്ലയില്‍ ഇതുവരെ കോവിഡ് 19 (കൊറോണ) പോസിറ്റീവ് കേസ് ഇല്ലെങ്കിലും രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കുന്നതിനും മറ്റും ഐസോലേഷന് വാര്‍ഡുകളും സൗകര്യങ്ങളും സുസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. ജില്ലാ ആശുപത്രിയിലും ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമാണ് ആദ്യഘട്ടത്തില്‍ ഐസോലേഷന് വാര്‍ഡുകള്‍ സജ്ജീകരിച്ചത്. കൂടാതെ മുന്നൊരുക്കമെന്ന നിലയില്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും സ്വകാര്യ ആശുപത്രികളായ അവിറ്റീസ്, വാണിയംക്കുളം പി.കെ ദാസ് എന്നിവിടങ്ങളിലും വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ജില്ലാ ആശുപത്രിയിലാണ് കൂടുതല്‍ പേര് നിരീക്ഷണത്തിലുള്ളത്. ജനതാ പേ വാര്‍ഡ്, കെ.എച്ച്.ആര്.ഡബ്ല്യു.എസ്, വനിതാ- പുരുഷ പേ വാര്‍ഡുകള്‍ ഒഴിവാക്കിയാണ് ഐസോലേഷന് വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുള്ളത്. 25 ബെഡുകളാണ് ഇവിടെയുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടര്‍, സ്റ്റാഫ് നഴസ്, നഴ്സിങ് അസിസ്റ്റന്റ് എന്നിവരടങ്ങിയ സംഘത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. രോഗബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഐസോലേഷന് വാര്‍ഡുകളില്‍ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാനും ഈ ടീമുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഇവര്‍ക്കുള്ള ഭക്ഷണവും ആശുപത്രി ജീവനക്കാര്‍ തന്നെയാണ് നല്‍കുന്നത്. നിരീക്ഷണത്തിലുളളവരുടെ വീട്ടുക്കാരെയോ ബന്ധുകളെയോ വാര്‍ഡിനകത്ത് പ്രവേശിക്കാനും പരിചരിക്കാനും അനുമതി നല്‍കില്ല.
വീടുകളില്‍ നിരീക്ഷണം തുടരും
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകള്‍ വിവിധ ഘട്ടങ്ങളിലായി പരിശോധിച്ച് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷം വീടുകളിലേക്ക് അയച്ചാലും കൃത്യമായി 14 ദിവസം വീടുകളില്‍ ഐസോലേഷനില്‍ കഴിയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി വരുന്നതായും ഡി.എം.ഒ അറിയിച്ചു. വീട്ടിലെ ഒരു മുറിയില്‍ മാത്രമായി ഇവര്‍ കഴിയണം. അടിയന്തര ആവശ്യങ്ങള്‍ക്കും മറ്റുമായി കുടുംബാംഗങ്ങളില്‍ ഒരാളെ സഹായത്തിന് വെയ്ക്കാനാണ് നിര്‍ദേശം. വീടുകളിലെത്തിയാലും നിരീക്ഷണത്തിലുള്ളവരും പരിചാരകരും മാസ്ക് ഉപയോഗിക്കുകയും നിരീക്ഷണത്തിലുള്ളവരില്‍ നിന്നും പരമാവധി ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്്. ഈ വീടുകളില്‍ ഉള്ളവര്‍ താല്കാലത്തേക്ക് പൊതുസമൂഹവുമായി ബന്ധപ്പെടരുത്. അതേസമയം, ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം മുന്‍കരുതലുകള്‍ എടുക്കുന്നതെന്നും അയല്‍ക്കാരും നാട്ടുകാരും യാതൊരു വിധത്തിലുള്ള അസ്വാരസ്യങ്ങള്‍ ഇവരോട് പ്രകടിപ്പിക്കരുതെന്നും ഡി.എം.ഒ അറിയിച്ചു.
ഹോം ക്വാറന്റൈനില്‍ ഉള്ളവര്‍ക്കായി (വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍) കരുതലോടെ വാര്‍ഡ് അംഗങ്ങളും സംഘവും
വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ പ്രത്യേകം ശ്രദ്ധയ്ക്കും സഹായത്തിനുമായി വാര്‍ഡ് തലത്തില്‍ അതത് വാര്‍ഡംഗം, ജെ.പി.എച്ച്.എന്‍ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്), ആശ വര്‍ക്കര്‍ എന്നിവരടങ്ങിയ വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇവര്‍ ഈ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടാതെ, പുറംരാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ കണ്ടെത്താനും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെ, നിരീക്ഷണത്തിലുള്ളവര്‍ പൊതുചടങ്ങുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകില്ലെന്നും ആശ വര്‍ക്കര്‍മാര്‍ ഉറപ്പുവരുത്തും. ഏതെങ്കിലും സാഹചര്യത്തില്‍ ഭക്ഷണം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാകാന്‍ ബുദ്ധിമുട്ടായാല്‍ കുടുംബശ്രീ മുഖേനയും അതത് തഹസില്‍ദാര്‍മാര്‍ മുഖേനയോ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുന്നുണ്ട്. ഇത്തരത്തില്‍ എല്ലാ മുന്‍കരുതലും ജാഗ്രതയും പുലര്‍ത്തിയാണ് ജില്ലാ മെഡിക്കല്‍ വിഭാഗം രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത വ്യക്തമാക്കി.
- രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്ന സമയം മുതല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുളള സമയമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.
- ഉദാഹരണത്തിന് ചിക്കന്‍ പോക്സ് ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഏഴു മുതല്‍ 14 ദിവസം കഴിഞ്ഞാകും പനിയും മറ്റ് ലക്ഷണങ്ങളും കണ്ടുതുടങ്ങുക. ഓരോ രോഗത്തിനും ഈ കാലയളവ് വ്യത്യസ്തമായിരിക്കും.
- ഇന്‍ക്യുബേഷന്‍ പിരീഡില്‍ ശരീരത്തില്‍ പ്രവേശിച്ച രോഗാണു പലമടങ്ങായി വര്‍ദ്ധിക്കുകയും ശരീരത്തിലെ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
- ഇന്‍ക്യുബേഷന്‍ പിരീഡില്‍ നടത്തുന്ന മെഡിക്കല്‍ ടെസ്റ്റുകളിലൂടെ രോഗം നിര്‍ണ്ണയിക്കാനുളള സാധ്യത വളരെ കുറവാണ്.
- ഇന്‍ക്യുബേഷന്‍ പിരീഡില്‍ കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവ് ആയാലും ഐസോലേഷന് നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
- ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഇന്‍ക്യുബേഷന്‍ പിരീഡില്‍ എപ്പോള്‍ വേണമെങ്കിലും ഫലം പോസിറ്റീവ് ആകാം.