പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.
ഇന്നത്തെ സര്‍വൈലന്‍സ് അക്ടിവിറ്റികള്‍ വഴി രണ്ട് സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ കണ്ടെത്തി. പ്രൈമറി കോണ്‍ടാക്ടുകള്‍ ആരെയും കണ്ടെത്തിയിട്ടില്ല.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 19 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഒന്‍പതു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്. ആകെ 29 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.

പുതിയതായി അഞ്ചു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ നാലു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 14 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

വീടുകളില്‍ 1239 പേര്‍ നിരീക്ഷണത്തില്‍ ആണ്.
സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന്(13) 17 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 80 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് 10 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(13)വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 26 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 40 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ സ്റ്റാഫിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധ സംഘം ഇന്ന്(13) ആകെ 270 ആശുപത്രി ജീവനക്കാര്‍ക്ക് നാല് സെക്ഷനുകളിലായി പരിശീലനം നല്‍കി.
ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സ്‌ക്രീന്‍ ചെയ്യുന്നതിന് മെറ്റല്‍ ഡിറ്റക്ടറിന് അടുത്തായി ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഏര്‍പ്പെടുത്തും. ഇതിനായി രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും.

ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ ആരോഗ്യവകുപ്പിന് നിലവില്‍ ലഭ്യമല്ലാത്തതിനാല്‍ ബീലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ലയില്‍ നിന്ന് രണ്ടെണ്ണവും, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ നിന്ന് ഒരെണ്ണവും എത്തിക്കും.
എല്ലാ ബ്ലോക്കുകളിലും ഒരു മെഡിക്കല്‍ ഓഫീസറും, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസറും ഉള്‍പ്പെടുന്ന ബ്ലോക്കുതല സര്‍വൈലന്‍സ് ടീം രൂപീകരിക്കാന്‍ തീരുമാനിച്ചു.

മേജര്‍ ആശുപത്രികളില്‍ ഒ.പി. കുറവായതിനാല്‍ ആളുകള്‍ മറ്റ് ആരോഗ്യ സ്ഥാപനങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. ഇങ്ങനെ എത്തുന്ന ആളുകളില്‍ രോഗലക്ഷണം ഉളളവരുടെ ഫോണ്‍ നമ്പര്‍  ആരോഗ്യ സ്ഥാപനങ്ങളിലെ ഒ.പി.രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് കൂടുതല്‍ പേര്‍ നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുളള വ്യക്തികളുണ്ടോയെന്ന് പരിശോധിച്ചു വരുന്നു.
രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ 26 കോളുകള്‍ ലഭിച്ചു. നാലു പേര്‍ ബന്ധപ്പെട്ട സമയങ്ങളില്‍ വിവിധ ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നെങ്കിലും രോഗികളുമായി നേരിട്ടോ പരോക്ഷമായോ ബന്ധമില്ല.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 127 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 153 കോളുകളും ലഭിച്ചു. വിവിധ കണ്‍ട്രോള്‍ റൂമുകളിലായി വിദേശത്തുനിന്നും തിരിച്ചെത്തിയ വിവരം 35 പേര്‍ അറിയിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ രോഗവ്യാപനാവസ്ഥ അടിസ്ഥാനത്തില്‍ നാലു പേരെ വീടുകളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. നാളിതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന 32 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

ആരോഗ്യം, റവന്യു, ഐ.ടി., ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുളള ജീവനക്കാരെ ഉള്‍ക്കൊളളിച്ച് മീഡിയ സര്‍വൈലന്‍സ് ടീം രൂപീകരിച്ചു. അന്തര്‍ദേശീയ, ദേശീയ സംസ്ഥാന തലങ്ങളിലുളള വാര്‍ത്തകള്‍ പരിശോധിക്കുക, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ പരിശോധിക്കുക എന്നിവയാണ് ഈ ടീമിന്റെ ലക്ഷ്യങ്ങള്‍. ജില്ലയില്‍ നാളിതുവരെ നാല് പോസ്റ്റുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കമുളള മുഴുവന്‍ വ്യക്തികളെയും ജില്ലാതല കോള്‍ സെന്ററിലൂടെ ബന്ധപ്പെട്ട് മെഡിക്കല്‍, നോണ്‍-മെഡിക്കല്‍ ആവശ്യങ്ങള്‍ പരിശോധിച്ചു. 18 പേര്‍ക്ക് മരുന്നുകളും, 17 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകളും, 25 ഗ്രാമപഞ്ചായത്തുകളില്‍ വീടുകളിലേയ്ക്ക് ആവശ്യമായ മറ്റ് വസ്തുക്കളും ലഭ്യമാക്കി. ഗവണ്‍മെന്റ് ആശുപത്രികളില്‍ രോഗികള്‍ക്ക് ഉള്‍പ്പെടെ പ്രഭാത ഭക്ഷണവും, 200 പേര്‍ക്ക് ഉച്ചഭക്ഷണവും സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നല്‍കി.

രോഗികളുമായി സമ്പര്‍ക്കമുളള 11 ആരോഗ്യപ്രവര്‍ത്തകരും, പരോക്ഷ സമ്പര്‍ക്കമുളള ആറ് ആരോഗ്യപ്രവര്‍ത്തകരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.