ജാഗ്രത തുടരുന്നു
പത്തനംതിട്ട: കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിക്കാന്‍ അയച്ചതില്‍ കഴിഞ്ഞ ദിവസം (മാര്‍ച്ച് 13) രാത്രി വൈകിവന്ന എട്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇതു ശുഭസൂചനയാണെങ്കിലും ഇനിയും ജാഗ്രത തുടരേണ്ടതുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 15 പേരുടെ പരിശോധന ഫലവും ഉടന്‍തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച ഏഴു പേരുടെ രണ്ടു സെറ്റ് പരിശോധനാ ഫലവും ലഭിക്കാനുണ്ട്.
ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തവര്‍ 14 ദിവസം കര്‍ശനമായി വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും ഇനിയും സൂക്ഷിക്കേണ്ട സമയംതന്നെയാണെന്നും കളക്ടര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ കഴിഞ്ഞദിവസം മരിച്ച വ്യക്തിക്ക് കോവിഡ് 19 മായി ബന്ധമില്ലെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.