കാസർഗോഡ്: കുരങ്ങ് പനിയെ പ്രതിരോധിക്കാൻ ശക്തമായ പ്രതിരോധ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും അയൽ സംസ്ഥാനത്തിലും കുരങ്ങ് പനി റിപ്പോർട്ട് ചെയ്തതിനാലും, മലയോരത്തിന്റെ ചില ഭാഗങ്ങളിൽ കുരങ്ങുകൾ മരിച്ച നിലയിൽ കണ്ടതിനാലും ആണ് പ്രതിരോധ നടപടികളുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട്, റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. നിലവിൽ ജില്ലയിൽ ഇതുവരെ ആർക്കും കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലയോരത്തെ ഗ്രാമ പഞ്ചായത്തുകളിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച്, പ്രതിരോധ നടപടികൾ ശക്തമാക്കും.ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ നേത്യത്വത്തിലായിരിക്കും കോർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം.

പഞ്ചായത്ത് തലത്തിൽ ബോധവൽക്കരണം, പ്രതിരോധം, മുൻകരുതൽ എന്നിവയ്ക്ക് ഊന്നൽ നല്കി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. മാർച്ച് 16 ഉച്ചയ്ക്ക് മൂന്നിന് കുരുങ്ങ് മരണം റിപ്പോർട്ട് ചെയ്ത കരിന്തളം ഗ്രാമപഞ്ചായത്തിലെ കുറുക്കുട്ടി പൊയിലിൽ ബോധവത്കരണ യോഗം സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വനം വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് യോഗം.പഞ്ചായത്ത് തലത്തിൽ ഗൃഹസന്ദർശനം നടത്തിയുള്ള ബോധവത്കരണം ശക്തിപ്പെടുത്തും.

കുരങ്ങുകൾ മരിച്ച നിലയിൽ കണ്ടാൽ, സമീപത്തേക്ക് പോകരുതെന്ന് അധികൃതർ നിർദേശിച്ചു.കുരങ്ങിന്റെ ശരീരത്തിൽ നിന്നും വൈറസ് ബാധിച്ച ചെള്ള് 100 മീറ്റർ ചുറ്റളവിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ, മരിച്ച കുരങ്ങിനെ അടക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ സഹായം തേടണം . വനാതിർത്തിയിൽ താമസിക്കുന്നവർ, വളർത്തു മൃഗങ്ങളെ കാട്ടിലേക്ക് അയക്കാതിരിക്കാൻ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങൾ കാട്ടിലേക്ക് പോകുകയാണെങ്കിൽ, ഇവയുടെ ശരീരത്തിൽ പ്രതിരോധ ലോഷനുകൾ പുരട്ടണം.ഇത്തരം ലോഷനുകൾ മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് ലഭ്യമാക്കും.

വിരമിച്ച സ്റ്റേറ്റ് ഡിസീസ് സർവ്വലൻസ് ഓഫീസറുടെ നേത്യത്വത്തിലുള്ള സംഘം കുരങ്ങ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ മാർച്ച് 16 സന്ദർശിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നല്കും.ഇതനുസരിച്ച് ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം രാജ ഗോപാലൻ എം.എൽ.എ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി. കുഞ്ഞിക്കണ്ണൻ, എ, വിധുബാല, പി.ജി മോഹനൻ, പ്രസീത രാജൻ, ത്യേസാമ്മ ജോസഫ്, ജേസി ടോം, എം രാധാമണി,സബ് കളക്ടർ അരുൺ കെ വിജയൻ, എഡിഎം എൻ ദേവി ദാസ്, തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഡോ.പി നാഗരാജ്, ഡി.എം.ഒ ഇൻ ചാർജ്ജ് ഡോ.എ.വി.രാംദാസ്, ചീഫ് വെറ്റിനറി ഓഫീസർ ഡോ ഡി ശിവനായിക്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഷറഫ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ എ ടി മനോജ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു