എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസ് ഈമാസം 10 മുതല്‍ 12 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ‘വൈവിധ്യങ്ങളിലൂടെ മുന്നോട്ട്’ എന്നതാണ് ഇത്തവണത്തെ സഹകരണ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം.
3000 പ്രതിനിധികളാണ് സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ഫ്രെബ്രുവരി 10ന് രാവിലെ 10ന് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, ദേശീയ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടനസമ്മേളനത്തിനുശേഷം നടക്കുന്ന ദക്ഷിനേന്ത്യന്‍ സഹകരണ മന്ത്രിമാരുടെ സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സഹകരണ മന്ത്രിമാര്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് കേരള സഹകരണ നയത്തിന്റെ കരട് സഹകരണമന്ത്രി അവതരിപ്പിക്കും. ഇ.പി. ജയരാജന്‍ എം.എല്‍.എ മോഡറേറ്ററാകും. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍, സഹകരണ മേഖലയിലെ വിദഗ്ധര്‍, മുതിര്‍ന്ന സഹകാരികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ആദ്യമായാണ് ശാസ്ത്രീയമായ രീതിയില്‍ ഒരു സഹകരണനയം ചിട്ടപ്പെടുത്തുന്നത്. പ്രതിനിധികള്‍ മുമ്പാകെ കരട് നയം അവതരിപ്പിച്ച് വിശദചര്‍ച്ചകള്‍ നടത്തി ആവശ്യമുള്ള തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി രൂപപ്പെടുത്തുന്ന നയം ക്യാബിനറ്റില്‍ കൊണ്ട് വന്ന് സംസ്ഥാന സഹകരണ നയമായി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കരട്‌നയം അടുത്ത ആഴ്ചമുതല്‍ സഹകരണവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.
സഹകരണ കോണ്‍ഗ്രസിന്റെ രണ്ടാം ദിവസമായ 11ന് ദേശീയ സെമിനാര്‍ നടക്കും. ഏഴു വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സഹകരണ മേഖലയിലെ ദേശീയനേതാക്കള്‍ പ്രഭാഷണം നടത്തും.
മൂന്നാം ദിവസമായ 12ന് കേരളത്തിലെ സഹകരണ മേഖലയെ തരംതിരിച്ച് 10 വേദികളിലായി സെമിനാറുകളും ചര്‍ച്ചകളും നടത്തും. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഓരോ മേഖലയിലെയും വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.
അന്ന് ഉച്ചയ്ക്ക് രണ്ടിന് ഒരുലക്ഷം സഹകാരികളും സഹകരണ ജീവനക്കാരും അണിനിരക്കുന്ന വര്‍ണശബളമായ ഘോഷയാത്ര കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച് കലക്ടറേറ്റ് മൈതാനത്തില്‍ അവസാനിക്കും.
വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, തെലുങ്കാന കൃഷി-സഹകരണ മന്ത്രി പോച്ചാറാം ശ്രീനിവാസ റെഡ്ഢി എന്നിവര്‍ മുഖ്യാതിഥികളാകും. എം.പിമാരായ മുല്ലപ്പളളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി, പി. കരുണാകരന്‍, കെ.കെ. രാഗേഷ്, റിച്ചാര്‍ഡ് ഹേ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം അനുസിതാര അതിഥിയാകും. മൂന്നുദിവസവും വൈകിട്ട് കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സഹകരണകോണ്‍ഗ്രസിന്റെ പതാകാജാഥ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍നിന്ന് ഇന്ന് (ഫെബ്രുവരി മൂന്ന്) രാവിലെ എട്ടിന് സഹകരണമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. കൊടിമരജാഥ ഫെബ്രുവരി എട്ടിന് രാവിലെ ഒന്‍പതരയ്ക്ക് കാസര്‍കോട് നിന്നാരംഭിച്ച്  ഒന്‍പതാംതീയതി കണ്ണൂരില്‍ എത്തും.
വാര്‍ത്താസമ്മേളനത്തില്‍ സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത്ബാബു എന്നിവര്‍ സംബന്ധിച്ചു.