പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ച നടപടികളും മുന്‍കരുതലും വിലയിരുത്തുന്നതിനായി കോന്നി താലൂക്ക് കോണ്‍ഫറന്‍സ്ഹാളില്‍ കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷതയില്‍ യോഗത്തില്‍ ചേര്‍ന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്നും പഞ്ചായത്ത് വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റികള്‍ കൂടണമെന്നും എം.എല്‍.എ പറഞ്ഞു.
കോന്നി മണ്ഡലത്തില്‍ പ്രൈമറി കോണ്‍ടാക്ടില്‍ 23 പേരും സെക്കന്‍ഡറി കോണ്‍ടാക്ടില്‍ 66 പേരും ഉള്‍പ്പെടെ 592 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.  പഞ്ചായത്തുതല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തങ്ങളുടെ പഞ്ചായത്ത്-വാര്‍ഡ്തലത്തില്‍ ചെയ്യുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടിലുള്ളവര്‍ എത്രപേരുണ്ടന്നും യോഗത്തില്‍ വിശദീകരിച്ചു. വിദേശത്തുനിന്നു വരുന്നവരെ പ്രത്യേക നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
കോന്നി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ റോബിന്‍ പീറ്റര്‍, രവികല എബി, തോമസ് മാത്യു, എം.വി അംബിളി, സുനില്‍ വര്‍ഗീസ് ആന്റണി, മനോജ് കുമാര്‍, പി.രജനി, കെ.ജയലാല്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, കോന്നി തഹസില്‍ദാര്‍, കോന്നി താലൂക്ക് ഓഫീസ് സൂപ്രണ്ട് ഡോ.ഗ്രേസ് എം. ജോര്‍ജ്, ആര്‍.എം.ഒ ഡോ. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി രാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.