പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ മാര്‍ച്ച് 20ന് തുടങ്ങാന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 100 ദിവസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഹര്‍ഷം (ഹാപ്പിനെസ് ആന്റ് റസ്സിലിയന്‍സ് ഷെയേര്‍ഡ് എക്രോസ് മേപ്പാടി) എന്ന പേരിലാണ് പുനരധിവാസ പദ്ധതിയ്ക്ക് തുടക്കമിടുന്നത്.
60 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുക. പുത്തുമല ദുരന്ത ബാധിതരായ 40 പേര്‍ക്കുള്ള വീടും ഇതിനോടൊപ്പം നിര്‍മ്മിച്ച് നല്‍കും. കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍, ഹ്യൂമന്‍ റൈറ്റ്‌സ്, എസ്.വൈ.എസ് സാന്ത്വനം തുടങ്ങിയ സംഘടനകളാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
വീടിനൊപ്പം അങ്കണവാടി, ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഏരിയ, കുടിവെള്ള പദ്ധതി, മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എം.പി എളമരം കരീമിന്റെ ആസതി വികസന ഫണ്ടില്‍ നിന്നും അഞ്ചുകോടി രൂപ വകയിരുത്തി നിര്‍മ്മിക്കും. ദുരന്ത പ്രദേശത്ത് ഒഴുകിയെത്തിയ കല്ല്, മരം തുടങ്ങിയവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ജില്ലയിലെ ക്വാറി ഉടമസ്ഥര്‍ സി.എസ്.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മാണത്തിന് ആവശ്യമായ കല്ല് എത്തിക്കുമെന്ന് അറിയിച്ചു. മലബാര്‍ സിമന്റ്, സെറ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളും കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ നല്‍കാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള, ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫ്, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ.കെ ദിനേശന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. സഹദ് തുടങ്ങിയവര്‍ പങ്കെടുത്തു. പുത്തുമല പുനരധിവാസ പദ്ധതിയ്ക്കായി മാതൃഭൂമി വാങ്ങിയ കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റിലെ ഭൂമിയുടെ ആധാരം മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി മാതൃഭൂമി ബുക്ക്‌സ് മാനേജര്‍ ടി.വി രവീന്ദ്രന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി.