കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഊര്‍ജിതമാക്കി. പഞ്ചായത്തിനു കീഴിലുള്ള 17 വാര്‍ഡുകളിലും, സബ് സെന്റര്‍ കേന്ദ്രീകരിച്ചും അഞ്ചംഗ സമിതി രൂപീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍,നഴ്‌സ്, അങ്കണവാടി ടീച്ചര്‍മാര്‍, എ.ഡി.എസ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ , വാര്‍ഡ് മെമ്പര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. വീടുകയറിയുള്ള ബോധവല്‍ക്കരണം ,ലഘുലേഖ വിതരണം ,മൊബൈല്‍ ജാഗ്രത പ്രചാരണം എന്നിവയാണ് പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ നടക്കുക.

അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവരെ നീരീക്ഷിക്കാനും കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശമായ ബാവലി, തോല്‍പ്പെട്ടി, തിരുനെല്ലി സ്റ്റേഷന്‍ പരിധിയില്‍ കൊവിഡ് 19 അതീവ ജാഗ്രത പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കി. പരിധിയിലൂടെ കടന്നു പോകുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പോലീസ് ആരോഗ്യവകുപ്പ് തുടങ്ങിയവര്‍ സംയുക്തമായാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത്.

രോഗ ലക്ഷണമുള്ളവരെ നിരീക്ഷിക്കുമെന്ന് തിരുനെല്ലി സബ് ഇന്‍സ്പെക്ടര്‍ എ.യു ജയപ്രകാശ് പറഞ്ഞു. കൊറോണ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.