കോവിഡ്- 19 വ്യാപനത്തിനെതിരേ കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പൊതുസമൂഹത്തിന് നിര്‍മിച്ചു നല്കിയ ടിഷ്യു പേപ്പര്‍ മാസ്‌ക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പരീക്ഷയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ കേഡറ്റുകള്‍ സിപിഒമാരായ ഫിലിപ്പ് ജോര്‍ജ്, ജിഷ ഏബഹാം എന്നിവരുടെ നിര്‍ദേശപ്രകാരമാണു മാസ്‌ക്കുകള്‍ നിര്‍മിച്ചത്.
സ്‌കൂള്‍ പ്രവേശനകവാടത്തില്‍ വാഹനയാത്രക്കാര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍, സഹപാഠികള്‍ എന്നിവര്‍ക്കാണ് മാസ്‌ക്കുകള്‍ വിതരണം ചെയ്തത്. എസ്.പി.സി ഗ്രൂപ്പില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാന ഡയറക്ടറേറ്റില്‍ നിന്നും നിര്‍മാണരീതി ജില്ലാ നോഡല്‍ഓഫീസ് വഴി ആവശ്യപ്പെടുകയായിരുന്നു.
വൃത്തിയായി പായ്ക്ക് ചെയ്തു ലഭിക്കുന്ന ടിഷ്യു പേപ്പര്‍ ഓരോന്നായി മാസ്‌ക്കില്‍ കാണുന്നതുപോലെ അടുപ്പിച്ച് മടക്കി എടുത്ത് രണ്ടു വശവും നല്ലതുപോലെ മടക്കി റബര്‍ ബാന്‍ഡ് അകത്താക്കി വീണ്ടും മടക്കി സ്റ്റേപ്പിള്‍ ചെയ്യുക. ഏറ്റവും ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ മാസ്‌ക്ക് ഇങ്ങനെ തയ്യാറാക്കാന്‍ സാധിക്കും.
നിര്‍മാണ സാമഗ്രികളുടെ ലഭ്യതയും സമയലാഭവും ടിഷ്യു മാസ്‌ക്കിനെ കൊറോണ വ്യാപന കാലത്ത് മൂല്യമുള്ളതാക്കി മാറ്റുന്നതായി ജില്ലാ നോഡല്‍ ഓഫീസര്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി:ആര്‍.പ്രദീപ്കുമാര്‍ പറഞ്ഞു.