കാസർഗോഡ്: കളക്ടറേറ്റില്‍ അതീവ ജാഗ്രതയില്‍ കള്ള് ഷാപ്പ് ലേലം നടത്തി. ജില്ലയിലെ ആറ് റെയ്ഞ്ചിലെ 33 ഗ്രൂപ്പുകളിലെ 193 കള്ള് ഷാപ്പുകളാണ് ലേലം ചെയ്തത.് പുതിയ അബ്കാരി നയപ്രകാരം ലേലവ്യവസ്ഥയ്ക്ക് വിധേയമായി നിലവിലുള്ള ലൈസെന്സികള്ക്കു മുന്‍ഗണന നല്‍കിയാണ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ലേലം നടത്തിയത്.
2020 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതു വരെയായിരിക്കും ഇവര്‍ക്ക് കള്ള് ഷാപ്പിന്റെ ഉടമാവകാശം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലമായതിനാല്‍ അതീവ ജാഗ്രതയില്‍ ആണ് ലേലം നടത്തിയത്. ഹാന്റ് സാനിറ്ററൈസര്‍ ഉപയോഗിച്ച് കൈ ശുചീകരിച്ചതിന്ശേഷമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ ഹാളിനകത്തേക്ക് കയറ്റി വിട്ടത്.
ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നിശ്ചിത അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കിയത്.ഇവര്‍ക്ക് മാസ്കും വിതരണം ചെയ്തു. ഒരോ സമയം കൂടുതല്‍ പേരെ ഹാളിനകത്ത് പ്രവേശിപ്പിക്കാതെ, ലേലത്തില്‍ പങ്കെടുക്കുന്നവരെ മാത്രം കടത്തിവിട്ടുകൊണ്ടായിരുന്നു ക്രമീകരണം.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ കെ അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണര്‍ വിനോദ് ബി നായര്‍ തുടങ്ങിയവര്‍ ലേല നടപടികള്‍ നിയന്ത്രിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കാന് സ്ഥലത്ത് ഉണ്ടായിരുന്നു. ട്രഷറി ഉദ്യോഗസ്ഥര്‍, ടോഡി വെല്‍ഫയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.