പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല വനിതാ ശിശുസംരക്ഷണ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും മാതൃകയാകുന്നു. പത്തനംതിട്ട ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തകര്‍ കുട്ടികളുടെ വീടുകളിലെത്തി ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം ശുചിത്വത്തിനുള്ള പ്രാധാന്യവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നുണ്ട്.
കൂടാതെ കൈ കഴുകുന്നത് എങ്ങനെ, കൊറേണ വൈറസ് പടരുന്നവിധം, കൂട്ടം കൂടാതിരിക്കേണ്ടതിന്റെയും ഒരുമീറ്റര്‍ അകലം പാലിക്കേണ്ടതിന്റെയും ആവശ്യകത, 10 വയസിനു താഴെയും 65 വയസിനു മുകളിലുമുള്ളവര്‍ വീട്ടില്‍തന്നെ ഇരിക്കേണ്ടതിന്റെ പ്രാധാന്യം, വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരും അവരുടെ കുടുംബാംഗങ്ങളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍, പൊതുഗതാഗത സൗകര്യങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെയുള്ള കാര്യങ്ങളും രക്ഷിതാക്കള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്കു പറഞ്ഞുകൊടുക്കുന്നുണ്ട്. ശുചിത്വത്തിന്റെ ആവശ്യകത കുട്ടികള്‍ക്കു മനസിലാകുന്ന വിധത്തില്‍ പാട്ടായും നൃത്തമായും അങ്കണവാടി പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്നുമുണ്ട്.
അങ്കണവാടി പ്രവര്‍ത്തകര്‍ വീടുകളിലെത്തി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരുകിലോ അരി, 300 ഗ്രാം പയര്‍, 400 ഗ്രാം അവല്‍, 300 ഗ്രാം ശര്‍ക്കര, ഒന്നേകാല്‍ കിലോ ഗോതമ്പ് നുറുക്ക്, 200 ഗ്രാം വെളിച്ചെണ്ണ, 100 ഗ്രാം ഉഴുന്ന്, 100 ഗ്രാം തുവര എന്നിവയാണു നല്‍കുന്നത്.
ഒരു മാസം മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് 25 ദിവസത്തേക്ക് ഒരു കുട്ടിക്കു മൂന്നു കിലോ 375 ഗ്രാം ഭക്ഷണപദാര്‍ത്ഥങ്ങളാണു നല്‍കുന്നത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പ്രോട്ടീന്‍ ചേര്‍ത്ത രണ്ടു കിലോ ഗോതമ്പ് പൊടിയും ഒരുകിലോ റാഗി പൊടിയുമാണു ലഭ്യമാക്കുന്നത്.